ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ പുതിയ വഖഫ് ബിൽ ഭരണഘടനക്കെതിരേ: ഫിമ കുവൈറ്റ്
അബ്ദുല്ല നാലുപുരയിൽ
Friday, April 11, 2025 2:56 PM IST
കുവൈത്ത് സിറ്റി: ഇന്ത്യൻ പാർലമെന്റിൽ അടുത്തിടെ പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൻ മേൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം അസോസിയേഷൻസ്(ഫിമ) കുവൈറ്റ് കടുത്ത ആശങ്കയും ശക്തമായ എതിർപ്പും പ്രകടിപ്പിക്കുന്നതായി ഫിമ വാർത്താക്കുറിപ്പിൽ പറഞ്ഞു.
വഖഫ് സ്വത്തുക്കളിൽ സർക്കാരിന് അമിതമായ നിയന്ത്രണം നൽകുന്ന ഈ നിയമനിർമാണം മുസ്ലിം സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ദുർബലപ്പെടുത്തുകയും മതപരവും സാമ്പത്തികവുമായ അവകാശങ്ങൾക്ക് ഭീഷണിയാകുകയും ചെയ്യും.
ജീവകാരുണ്യ, വിദ്യാഭ്യാസ, മതപരമായ ആവശ്യങ്ങൾക്കായി പരമ്പരാഗതമായി കൈകാര്യം ചെയ്തുപോരുന്ന വഖഫ് സ്വത്തുക്കൾ, ഇന്ത്യയുടെ ഇസ്ലാമിക പൈതൃകത്തിന്റെ മൂലക്കല്ലായി വളരെക്കാലമായി നിലകൊള്ളുന്നു.
പുതിയ ബിൽ ഈ സ്വത്തുക്കളുടെ ഭരണത്തിൽ ഇടപെടാൻ സർക്കാർ വകുപ്പുകൾക്ക് അമിതാധികാരം നൽകുന്നു. ഇത് വഖഫ് ഭൂമികളുടെ ദുരുപയോഗം, അന്യാധീനപ്പെടൽ എന്നിവയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.
ഇന്ത്യൻ മുസ്ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമായും ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെയും ന്യൂനപക്ഷ സംരക്ഷണത്തിന്റെയും തത്വങ്ങളുടെ മേലുള്ള ലംഘനമായും ഫിമ കുവൈറ്റ് ഈ നീക്കത്തെ കാണുന്നു.
വഖഫ് സ്ഥാപനങ്ങളുടെ ചരിത്രപരവും നിയമപരവുമായ പവിത്രതയെ ഈ ബിൽ അവഗണിക്കുകയും നൂറ്റാണ്ടുകളായി അരികുവത്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് സേവനം നൽകിയ ഇസ്ലാമിക ദാനധർമങ്ങളുടെ ശോഷണത്തിന് കാരണമാവുകയും ചെയ്യും.
വഖഫ് സ്വത്തുക്കളുടെ സമഗ്രതയെ മാനിക്കുകയും മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന രൂപത്തിൽ ഈ നിയമനിർമാണം പുനഃപരിശോധിക്കാനും മുസ്ലിം നേതാക്കൾ, പണ്ഡിതർ, പങ്കാളികൾ എന്നിവരുമായി കൂടിയാലോചനകളിൽ ഏർപ്പെടാനും സർക്കാർ തയാറാവണം.