നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടനം ചെയ്തു
Wednesday, April 9, 2025 12:45 PM IST
മനാമ: നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടനം ചെയ്തു. ബഹറിൻ കേരളീയ സമാജത്തിൽ വച്ച് സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ റാന്നി എംഎൽഎ പ്രമോദ് നാരായണൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ വച്ച് ഇതുവരെയുള്ള നോളജ് വില്ലേജ് വാർത്തകൾ വീഡിയോകൾ ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒറ്റ ക്ലിക്ക് ചെയ്താൽ ഒറ്റ ലിങ്കിൽ എല്ലാ വിവരവും ലഭ്യമാകുന്ന നോളജ് വില്ലേജ് ബ്ലോഗ് ലോഞ്ചിംഗ് റാന്നി എംഎൽഎ പ്രമോദ് നാരായണൻ നിർവഹിച്ചു.
ബ്ലോഗ് ലിങ്ക് നിർമിച്ചത് തുടക്കം മുതൽ നോളജ് വില്ലേജിന്റെ ഫാനായ റാന്നി സ്വദേശിയും റിക്രൂട്ട്മെന്റ് കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന ബഹറിനിൽ ദീർഘകാല പ്രവാസിയുമായ സുനിൽ തോമസ് റാന്നി ആണ്. ആദ്യമായാണ് നോളജ് വില്ലേജ് വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുന്ന ബ്ലോഗ് നിർമിക്കുന്നത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ മികവ്, വിദ്യാർഥികൾക്ക് തൊഴില്‍ സംരംഭകത്വ വിദഗ്ദ്ധ പരിശീലനം നേടാനുള്ള സഹായം നല്‍കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളോടെ പ്രമോദ് നാരായണൻ ആവിഷ്കരിച്ച നോളജ് വില്ലേജ് പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ നിലവിൽ ആരംഭിച്ച ബ്ലോഗ് പോർട്ടൽ ആയി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ പിന്തുണ നല്കുന്ന പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോളജ് വില്ലേജ് നോക്കിക്കാണുന്നത്.