കുവൈറ്റ് ഓയിൽ കമ്പനിയിൽ അപകടം; മലയാളി മരിച്ചു
Thursday, April 10, 2025 3:36 PM IST
ആലപ്പുഴ: കുവൈറ്റ് ഓയിൽ കമ്പനിയിൽ പൈപ്പ് വാൽവ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കണ്ടിയൂർ പനയ്ക്കൽ അയോധ്യയിൽ എൻ. രാമൻപിള്ള (രമേശ്-61) ആണു മരിച്ചത്.
ചൊവ്വാഴ്ച ജോലിക്കിടെ പ്ലാന്റിലെ പൈപ്പ് ലൈൻ വാൽവ് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി ശ്രീജിത്തിനെയും കുവൈറ്റിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഓയിൽ കമ്പനിയുടെ കരാർ ഏറ്റെടുത്തു ചെയ്യുന്ന കമ്പനിയിലെ ടെക്നിഷ്യൻ ആയിരുന്നു രാമൻപിള്ള. ജനുവരിയിലാണ് അവസാനമായി നാട്ടിലെത്തി മടങ്ങിയത്.
അടുത്തവർഷം വിദേശത്തെ ജോലി അവസാനിപ്പിച്ചു നാട്ടിൽ താമസമാക്കാൻ തീരുമാനിച്ചിരിക്കെയാണ് അപകടം. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.
ഭാര്യ: ഗീത. മകൾ: അഖില.