എൻഎസ്എസ് കുവൈറ്റ് "സ്നേഹ വീടുകളുടെ' താക്കോല്‍ദാനം നടന്നു
അബ്ദുല്ല നാലുപുരയിൽ
Tuesday, April 15, 2025 10:57 AM IST
കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്റെ ഭവന നിർമാണ പദ്ധതിയായ "സ്നേഹ വീട്' പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ താക്കോല്‍ദാനം നാട്ടിൽ വിവിധ സ്ഥലങ്ങളിലായി നടന്നു.
എൻഎസ്എസ് കുവൈറ്റ് ഭാരവാഹികളും ഡയറക്ടര്‍മാരും താലൂക്ക് യൂണിയൻ ഭാരവാഹികളും കരയോഗം ഭാരവാഹികളും വിവിധ ജില്ലകളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്തു. ഈ വര്‍ഷം 15 വീടുകളാണ് എൻഎസ്എസ് കുവൈറ്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അശരണര്‍ക്കായി നല്‍കുന്നത്.
കൊല്ലം ജില്ലയിലെ മുഖത്തലയിലും ചേർത്തല കണിച്ചുക്കുളങ്ങരയിലെ തിരുവിഴയിലും ചെങ്ങന്നൂരിലെ ബുധനൂരിലുമായി മൂന്ന് വീടുകളുടെ താക്കോല്‍ദാന കര്‍മമാണ് നടന്നത്. എൻഎസ്എസ് കുവൈറ്റ് പ്രസിഡന്റ് കാർത്തിക് നാരായണൻ സ്നേഹ വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കൾക്ക് കൈമാറി.
എൻഎസ്എസ് കുറുമണ്ണ കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപിച്ച പൊതുയോഗത്തിൽ പ്രസിഡന്റ് പി. ആർ. ശശിധരൻ നായർ അധ്യക്ഷത വഹിച്ചു. കൊല്ലം താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് ചടങ്ങിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ചു.
എൻഎസ്എസ് കുവൈറ്റ് ജനറർ സെക്രട്ടറി അനീഷ് പി. നായർ, ട്രഷറർ ശ്യാം ജി. നായർ, രക്ഷാധികാരി കെ.പി. വിജയകുമാർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എൻഎസ്എസ് കൊല്ലം വനിതാ യൂണിയൻ പ്രസിഡന്റ് ശ്രീകുമാരി നാരായണൻ നായര്‍ ചടങ്ങില്‍ നന്ദി അറിയിച്ചു.
കണിച്ചുകുളങ്ങര തിരുവിഴ കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസിഡന്റ് രമേഷ് കുമാർ ആധ്യക്ഷ്യം വഹിച്ചു. ചേർത്തല താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ പ്രഫസർ ഇലത്തിയിൽ രാധാകൃഷ്ണൻ യോഗനടപടികൾ ഉദ്ഘാടനം ചെയ്തു.
കരയോഗം സെക്രട്ടറി അപ്പുകുട്ടൻ നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻഎസ്എസ് കുവൈറ്റ് ജനറർ സെക്രട്ടറി അനീഷ് പി. നായർ പദ്ധതി വിശദീകരണം നടത്തി. ചെങ്ങന്നൂര്‍ ബുധനൂർ കരയോഗത്തിന്റെ നേതൃത്വത്തിൽ സംഘടിപിച്ച പൊതുയോഗത്തിൽ കരയോഗം പ്രസിഡന്റ് പ്രമോദ് അധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂര്‍ താലൂക്ക് യൂണിയൻ പ്രസിഡന്റും എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായ സുകുമാര പണിക്കർ യോഗനടപടികൾ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി ശിവ പ്രസാദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, ചെങ്ങന്നൂർ താലൂക് യൂണിയൻ സെക്രട്ടറി മോഹൻ ദാസ്, താലൂക്ക് യൂണിയൻ മെമ്പർ അരുൺ, വനിതാ സമാജം പ്രസിഡന്റ് ശ്രീകുമാരി എന്നിവർ ആശംസകൾ രേഖപെടുത്തി.