"അക്മ യൂത്ത് ഫെസ്റ്റിവൽ' ദുബായിയിൽ വിപുലമായി സംഘടിപ്പിച്ചു
Saturday, April 19, 2025 3:54 PM IST
ദുബായി: ദുബായി സർക്കാരിന്റെ അംഗീകാരമുള്ള പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ കുട്ടികളുടെ സാംസ്കാരിക പ്രതിബദ്ധതയും കലാപരമായ വളർച്ചയും ലക്ഷ്യമാക്കി സംഘടിപ്പിച്ച "അക്മ യൂത്ത് ഫെസ്റ്റിവൽ 2025' ഈ മാസം 6, 12, 13 തീയതികളിൽ ദുബായിയിലെ അൽ കൂസിലുള്ള ഡ്യൂവെയിൽ സ്കൂളിൽ വച്ച് നടന്നു.
പ്രശസ്ത മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ യൂത്ത് ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നാലു വയസുമുതൽ 17 വയസുവരെയുള്ള 300-ലധികം കുട്ടികൾ, 50-ഓളം കലാമത്സരങ്ങളിൽ പങ്കെടുത്തു.
വിവിധ കലാകാരികൾ പങ്കെടുക്കുന്ന പരിപാടികൾ ആസ്വാദക ശ്രദ്ധ നേടുകയും കുട്ടികളുടെ കഴിവുകൾ ആഗോള വേദിയിൽ തെളിയിക്കുന്ന വേദിയായി അക്മ യൂത്ത് ഫെസ്റ്റിവൽ മാറുകയും ചെയ്തു. സംഗീതം, നൃത്തം, പ്രസംഗം, ഡ്രോയിംഗ് തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങൾ കുട്ടികൾക്കിടയിൽ കലാമേളയുടെ ആവേശം പരത്തിക്കൊടുത്തു.


സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി എൻടിവിചെയർമാൻ മാത്തുകുട്ടി പങ്കെടുത്തു. "Say No to Drugs, Say No to Violence' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പ്രതിജ്ഞാ പരിപാടിയിൽ മാത്തുകുട്ടി അക്മയുടെ അംഗങ്ങൾക്കായി പ്രത്യേക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഈ വർഷം നടന്നത് യൂത്ത് ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പാണെന്ന് പ്രസിഡന്റ് നസീർ ആർ.വി, ജനറൽ സെക്രട്ടറി നൗഷാദ് പുലാമന്തോൾ, ട്രഷറർ ജിനീഷ്, ചീഫ് കോഓർഡിനേറ്റർ സന്തോഷ് നായർ, വൈസ് പ്രസിഡന്റ് സലീഷ് എന്നിവർ അറിയിച്ചു.
ഇത്തവണ, യൂത്ത് ഫെസ്റ്റിവലിന്റെ രജിസ്ട്രേഷൻ മുതൽ ഫലം തയാറാക്കുന്നതുവരെ എല്ലാ ഘട്ടങ്ങളിലും എഐ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചതായി പ്രോഗ്രാം ഡയറക്ടർ സരിൻ, ആർട്സ് ഡയറക്ടർ ജിൻസി ലീബു, കിഡ്സ് ക്ലബ് കോഓർഡിനേറ്റർ രശ്മി ഗംഗ, പ്രോഗ്രാം അഡ് വൈസർ അനൂപ് എന്നിവർ പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവച്ച മത്സരാർഥികളിൽ നിന്നും കലാ പ്രതിഭയായി ആദിദേവ് പ്രതീഷ്, കലാതിലകമായി ജോവിയ ജോസ്, സർഗപ്രതിഭയായി ഉമാക്ഷര മേനോൻ എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ കാറ്റഗറി ഗ്രൂപ്പ് വിജയികളായി അനുഷ മേനോൻ, ആശിഖ രാകേഷ്, വേദിക നായർ, സ്നേഹ സന്യാൽ, അതിര ജീവൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.