മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Thursday, April 10, 2025 11:35 AM IST
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ കീഴിലുള്ള മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 13-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെ ജലീബ് ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ മെഡിക്കൽ ക്യാന്പ് നടത്തിയത്.
ജനറൽ മെഡിസിൻ, ഓൺകോളജി, ഗൈനക്കോളജി, ഡെർമറ്റോളജി, ഓർത്തോപീഡിക്, ഇഎൻടി, പീഡിയാട്രിക്, കാർഡിയോളജി, യൂറോളജി, ഡെന്റൽ, ഒഫ്താൽമോളജി എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർന്മാർ പങ്കെടുത്തു.
കാഴ്ചശക്തി നിർണയം, ഇസിജി, അൾട്രാസൗണ്ട്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ എന്നിവയുടെ സൗജന്യ ടെസ്റ്റുകളും ഉണ്ടായിരുന്നു. ഐഡിഎഫ് പ്രസിഡന്റ് ഡോ. സമീർ ഹുമദ് ഉദ്ഘാടനം നിർവഹിച്ചു.
മദ്യവർജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റും സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക വികാരിയുമായ റവ. ഫാ. ഡോ. ബിജു ജോർജ് പാറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ക്യാമ്പ് കോഓർഡിനേറ്റർ എബി ശാമുവേൽ സ്വാഗതവും സെക്രട്ടറി റോയ് എൻ. കോശി നന്ദിയും രേഖപ്പെടുത്തി.
ഐഡിഎഫ് കമ്യൂണിറ്റി സെക്രട്ടറി ഡോ. റായവരം രഘുനന്ദൻ, ഐഡാക്ക് കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റി ചെയർ ഡോ. പ്രശാന്തി ശ്രീജിത്ത്, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക സഹവികാരി റവ. ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റീ ദീപക് അലക്സ് പണിക്കർ, ഇടവക സെക്രട്ടറി ജേക്കബ് റോയി, പ്രസ്ഥാനം വൈസ് പ്രസിഡന്റ് സാമുവേൽ കാട്ടൂർകളീക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
കുവൈറ്റിൽ അധിവസിക്കുന്ന വിവിധ രാജ്യക്കാരായ 500-ലധികം ആളുകൾ ക്യാമ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തി.