ഖത്തറിൽ അപകടത്തിൽ മരിച്ച ജോയ് മാത്യുവിന് വിടചൊല്ലി ജന്മനാട്
Saturday, April 19, 2025 11:17 AM IST
കോട്ടയം: കഴിഞ്ഞ ദിവസം ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച വൈക്കം സ്വദേശി ജോയ് മാത്യുവിന് കണ്ണീരോടെ വിടചൊല്ലി ജന്മനാട്. മൃതദേഹം വെള്ളിയാഴ്ച വൈക്കം ചെമ്മനത്തുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സെന്റ് ജോസഫ്സ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കരിച്ചു.
കോട്ടയം പ്രസ് ക്ലബിന് വേണ്ടി പ്രസിഡന്റ് അനീഷ് കുര്യൻ റീത്ത് സമർപ്പിച്ചു. ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം, വൈക്കം മൈത്ര, കൊഡാക്ക ഖത്തര്‍, ഫ്രണ്ട്സ് ഓഫ് ഖത്തര്‍ തുടങ്ങിയ സംഘടനകളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
മലയാള മനോരമ ഔട്ട്സൈഡ് കേരള കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ടി.ആര്. സുഭാഷ്, ഖത്തര്‍ ഗള്‍ഫ് ടൈംസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ജോസഫ് വര്‍ഗീസ്, മാധ്യമ പ്രവര്‍ത്തകനും വ്ലോഗറുമായ ബൈജു എന്‍. നായര്‍, നോവലിസ്റ്റ് കെ.പി. ജയകുമാര്‍ തുടങ്ങിയവരും ആദരാഞ്ജലികള്‍ നേർന്നു.
പതിമൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ ഇവന്റ് മാനേജ്മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജോയ് മാത്യു ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വാഹനാപകടത്തില്‍ മരിച്ചത്. ജോലി ആവശ്യത്തിനായി ഷഹാനിയയില്‍ പോയി മടങ്ങവെ പുലര്‍ച്ചെ മൂന്നിന് ട്രക്കിനു പിന്നില്‍ കാറിടിക്കുകയായിരുന്നു.
വൈക്കം ചെമ്മനത്തുകര ഒഴവൂര്‍ വീട്ടില്‍ പരേതനായ മാത്യുവിന്റെയും തങ്കമ്മയുടേയും മകനാണ്. മാധ്യമ പ്രവർത്തക ശ്രീദേവിയാണ് ഭാര്യ.