ദുബായി കിരീടാവകാശി ഡൽഹിയിലെത്തി
Wednesday, April 9, 2025 1:27 PM IST
ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിൽ കൂടുതൽ ശക്തമായ ഉഭയകക്ഷി സഹകരണത്തിന് ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദർശനം വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും കൂടിയായ ഷെയ്ഖ് ഹംദാൻ ദുബായി കിരീടാവകാശി എന്ന നിലയിൽ നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനം ചൊവ്വാഴ്ച ആരംഭിച്ചതിനു പിന്നാലെയാണ് മോദിയുടെ പ്രതികരണം.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്രവും നയതന്ത്രപരവുമായ ബന്ധത്തിന് ദുബായി നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഷെയ്ഖ് ഹംദാനുമായുള്ള ചർച്ചയ്ക്കുശേഷം മോദി എക്സിൽ കുറിച്ചു.
യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, പ്രതിരോധം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ച് മോദിയും ഷെയ്ഖ് ഹംദാനും ചർച്ച നടത്തി.
നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ദ്വിദിന സന്ദർശനത്തിനായി ന്യൂഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹംദാനെ കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയാണു സ്വീകരിച്ചത്.
പിന്നീട് അദ്ദേഹം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നിൽ പങ്കുചേർന്നു.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായുള്ള ചർച്ചയിൽ ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണത്തിലും ഉത്പാദന, -വികസന പദ്ധതികളിലും സഹകരിക്കാൻ ധാരണയായിട്ടുണ്ട്.
നിക്ഷേപത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും ഊന്നൽ നൽകി ഇന്ത്യയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനും കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി വിവിധ മേഖലകളിൽ ധാരണാപത്രത്തിൽ ഒപ്പിടുന്നതിനുമായി ഷെയ്ഖ് ഹംദാൻ ഇന്ന് മുംബൈ സന്ദർശിക്കും.