ന്യൂഡൽഹി: കുപ്രസിദ്ധ കുറ്റവാളി രഞ്ജൻ പഥക് ഉൾപ്പെടെ ബിഹാറിലെ ഗുണ്ടാസംഘങ്ങളിലെ നാലുപേർ ഡൽഹിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളായ മനോജ് പഥക്കിന്റെ മകൻ രഞ്ജൻ പഥക് (25), ബിംലേഷ് മഹ്തോ എന്ന ബിംലേഷ് സാഹ്നി (25), മനീഷ് പഥക് (33), അമൻ താക്കൂർ (21) എന്നിവരാണു കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
ബിഹാറിലെ സീതാമർഹിയിൽനിന്നുള്ള കുപ്രസിദ്ധ ഗുണ്ടാസംഘാംഗമായ രഞ്ജൻ പഥക്കും മരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്നലെ പുലർച്ചെ 2.20നായിരുന്നു ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന്റെയും ബിഹാർ പോലീസിന്റെയും സംയുക്ത സംഘവുമായുള്ള വെടിവയ്പിൽ ഗുണ്ടകളെ വധിച്ചത്.
ബിഹാറിലെ കുപ്രസിദ്ധ സിഗ്മ ഗാംഗിൽപ്പെട്ടവരാണു കൊല്ലപ്പെട്ടവർ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തു ഭീകരത പടർത്താൻ പദ്ധതിയിട്ടിരുന്ന ഗുണ്ടകളാണ് ഡൽഹിയിലെ രോഹിണിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പിനുമുന്പ് ബിഹാറിൽ ഭീകരത സൃഷ്ടിക്കാനുള്ള പദ്ധതി വെളിപ്പെടുത്തുന്ന ഓഡിയോ കോൾ പുറത്തുവന്നതിനെത്തുടർന്ന് സംഘം ബിഹാർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഗുണ്ടകൾ ഡൽഹിയിൽ ഒളിവിൽ താമസിക്കുകയാണെന്നു രഹസ്യവിവരം ലഭിച്ചതായി ബിഹാർ ഡിജിപി വിനയ് കുമാർ പറഞ്ഞു. തുടർന്നു നടത്തിയ ഓപ്പറേഷനിലാണ് നാൽവർ സംഘത്തെ ഇല്ലായ്മ ചെയ്തത്.
നേപ്പാൾ കേന്ദ്രമായി പ്രവർത്തിച്ച് നേപ്പാൾ- ഇന്ത്യ അതിർത്തിയിലുടനീളം കുറ്റകൃത്യങ്ങൾ നടത്തിയ "സിഗ്മ ആൻഡ് കന്പനി’ ഗുണ്ടാസംഘത്തിന്റെ നായകനായിരുന്നു പഥക്. നാലാഴ്ച മുന്പ് ബ്രഹ്മർഷി സമാജം ഭാരവാഹി ഗണേഷ് ശർമയെ അറിയപ്പെടുന്ന ക്വട്ടേഷൻ ഗുണ്ടയായ പഥക്കും സംഘവും വെടിവച്ചുകൊന്നിരുന്നു.
സീതാമർഹി ജില്ലയിൽ തുടർച്ചയായി അഞ്ചു കൊലപാതകങ്ങൾ നടത്തി ഇവർ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ക്രൂരതയ്ക്കും ധീരതയ്ക്കും പേരുകേട്ട പഥക്, കൊലപാതകങ്ങൾക്കുശേഷം തന്റെ ബയോഡാറ്റ മാധ്യമസ്ഥാപനങ്ങൾക്ക് അയച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Tags : Police shoot dead goons in Delhi