ന്യൂഡൽഹി: ബിഹാറിലെ പ്രതിപക്ഷ മഹാസഖ്യത്തിന്റെ (മഹാഗഡ് ബന്ധൻ) മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനെ പ്രഖ്യാപിച്ചു. വികാസ് ഷീൽ പാർട്ടി (വിഐപി) നേതാവും മുൻ മന്ത്രിയുമായ മുകേഷ് സഹാനിയെ ഉപമുഖ്യമന്ത്രിസ്ഥാനാർഥിയായും പ്രഖ്യാപിച്ചു.
മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്ലോട്ടാണ് പ്രതിപക്ഷ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പാറ്റ്നയിലെ മൗര്യ ഹോട്ടലിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ തേജസ്വി, സഹാനി എന്നിവർക്കു പുറമെ സിപിഐ(എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, ബിഹാറിലെ കോണ്ഗ്രസ് ചുമതലയുള്ള കൃഷ്ണ അല്ലവരു തുടങ്ങിയവരും പങ്കെടുത്തു. സീറ്റ് വിഭജനത്തെച്ചൊല്ലി ആഴ്ചകൾ നീണ്ട തർക്കത്തിനുശേഷം മഹാസഖ്യത്തിന്റെ ഐക്യപ്രകടനമായി ഇന്നലത്തെ പത്രസമ്മേളനം.
മഹാസഖ്യത്തിൽ ആർജെഡിയും കോണ്ഗ്രസും ഇടതു പാർട്ടികളും ചെറുപാർട്ടികളും തമ്മിലുണ്ടായ ഭിന്നിപ്പുകൾക്ക് ഇതോടെ താത്കാലിക പരിഹാരമായി. തന്നെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻകൂട്ടി പ്രഖ്യാപിക്കണമെന്ന് തേജസ്വിയും, ഉപമുഖ്യമന്ത്രിയായി തന്നെ പ്രഖ്യാപിക്കണമെന്ന് സഹാനിയും നടത്തിയ സമ്മർദത്തിനു വഴങ്ങിയാണ് കോണ്ഗ്രസ് നേതാവിന്റെ പ്രഖ്യാപനം. കൂടുതൽ ഉപമുഖ്യമന്ത്രിമാരെ പിന്നീട് പ്രഖ്യാപിച്ചേക്കാമെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. പത്രിക പിൻവലിക്കാനുള്ള ദിവസം ഇന്നലെ അവസാനിച്ചതോടെ കഴിയുന്നത്ര മണ്ഡലങ്ങളുടെ സൗഹൃദമത്സരങ്ങളും ഒഴിവായതായി നേതാക്കൾ അവകാശപ്പെട്ടു.
ഐആർസിടിസി ഹോട്ടൽ അഴിമതിക്കേസിൽ കുറ്റക്കാരനാണെന്ന ഡൽഹിയിലെ വിചാരണക്കോടതിയുടെ തീരുമാനത്തെത്തുടർന്നാണ് തേജസ്വിയെ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ കോണ്ഗ്രസ് വൈകിയത്. എന്നാൽ, മുന്നണിയുടെ കെട്ടുറപ്പിന് തേജസ്വിയെയും സഹാനിയെയും മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനാർഥികളായി പ്രഖ്യാപിക്കാൻ എഐസിസി നേതൃത്വം നിർബന്ധിതമാകുകയായിരുന്നു. മുന്നണിയിലെ തർക്കപരിഹാരത്തിനായാണ് പ്രവർത്തകസമിതിയിലെ മുതിർന്ന അംഗമായ ഗെഹ്ലോട്ടിനെ പാറ്റ്നയിലേക്കയച്ചത്.
എൻഡിഎ മുഖ്യമന്ത്രി ആരെന്ന് കോണ്ഗ്രസ്
ന്യൂഡൽഹി: മുഖ്യമന്ത്രിസ്ഥാനാർഥിയായി തേജസ്വി യാദവിനെ മഹാസഖ്യം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി നിതീഷ് കുമാറിനെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി എന്തുകൊണ്ടാണ് ബിജെപി പ്രഖ്യാപിക്കാത്തതെന്ന് കോണ്ഗ്രസ്. തേജസ്വി തങ്ങളുടെ മുഖമാണെന്നും ഭരണകക്ഷിയായ എൻഡിഎയുടേത് ആരാണെന്നു സ്ഥിരീകരിക്കണമെന്നും കോണ്ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. നിതീഷിനോട് എൻഡിഎ അനീതി കാണിക്കുകയാണെന്ന് തേജസ്വി ആരോപിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അനീതി കാണിക്കുകയാണ്. നിതീഷിനെ അടുത്ത മുഖ്യമന്ത്രിയാക്കില്ലെന്ന് വളരെക്കാലമായി തങ്ങൾ പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇതു സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടുന്ന ഒരു പത്രസമ്മേളനം ഇതുവരെ എൻഡിഎ നടത്തിയിട്ടില്ലെന്നും തേജസ്വി യാദവ് പത്രസമ്മേളനത്തിൽ പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിനു മുന്പും നിതീഷിനെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മുഖമായി അവർ പ്രഖ്യാപിച്ചു. ഇത്തവണ എന്തുകൊണ്ട് അതുണ്ടായില്ല. നിതീഷിന്റെ അവസാന തെരഞ്ഞെടുപ്പാണിതെന്ന് അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജസ്വി പറഞ്ഞു.
ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ മാത്രമല്ല, സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കാനുമാണ് പ്രതിപക്ഷം കൈകോർത്തതെന്നു ഗെഹ്ലോട്ട്, തേജസ്വി, ദീപാങ്കർ ഭട്ടാചാര്യ, മുകേഷ് സഹാനി എന്നിവർ പറഞ്ഞു. ജനാധിപത്യവിരുദ്ധമായാണ് എൻഡിഎ ഭരിക്കുന്നതെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടു ത്തി. രാജ്യത്തിനും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾക്കും ബിജെപി സർക്കാർ ഭീഷണിയാണ്. അതിനാലാണു ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു.