ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനാണു ക്ഷണം.
കാനഡയുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ അടുത്ത തലമായാണ് കനേഡിയൻ പ്രധാനമന്ത്രിക്ക് ഇന്ത്യ ആതിഥ്യമരുളുന്നത്. കാർണി ക്ഷണം സ്വീകരിച്ചാൽ ഇരു രാജ്യങ്ങളുടെയും സമഗ്രമായ സാന്പത്തിക, സ്വതന്ത്രവ്യാപാര പങ്കാളിത്തം യാഥാർഥ്യമാക്കുന്ന കൂടിക്കാഴ്ചയായിരിക്കും ഡൽഹിയിലുണ്ടാകുക.
സിക്ക് വിഘടനവാദിയായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്ന് 2023ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനു പിന്നാലെ കാനഡയുമായുള്ള ഇന്ത്യയുടെ വ്യാപാരചർച്ചകൾ മരവിച്ചിരുന്നു. എന്നാൽ, അമേരിക്കയുമായുള്ള തീരുവ യുദ്ധത്തിനിടയിൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പ്രതിവർഷം 5000 കോടി ഡോളറാക്കി ഉയർത്തുന്ന കരാറിൽ എത്രയും പെട്ടെന്നുതന്നെ ധാരണയിലെത്താനാണ് ഇരു നേതാക്കളും ശ്രമിക്കുന്നത്.
വിള്ളൽ വീണ നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിനും വ്യാപാര, നിക്ഷേപ അവസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും കാർണിയുടെയും മോദിയുടെയും ഭാഗത്തുനിന്ന് ഇപ്പോൾ ശ്രമങ്ങളുണ്ടെന്ന് ഇന്ത്യ കാനഡയിൽ നിയമിച്ച പുതിയ ഹൈക്കമ്മീഷണർ ദിനേശ് കുമാർ പട്നായിക് പറഞ്ഞു.
Tags : Modi invites Canadian PM