ശ്രീനഗർ: ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി റദ്ദാക്കിയശേഷമുള്ള ആദ്യ രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. നാലു സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ നാഷണൽ കോൺഫറൻസ് മൂന്നു സീറ്റിലും ബിജെപി ഒരു സീറ്റിലും വിജയിക്കുമെന്നാണു വിലയിരുത്തൽ.
നാലു സീറ്റുകളിലേക്ക് മൂന്നു വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്.ഒന്നാമത്തെ സീറ്റിൽ നാഷണൽ കോൺഫറൻസിലെ (എൻസി) ചൗധരി മുഹമ്മദ് റംസാനും ബിജെപിയിലെ അലി മുഹമ്മദ് മിറും ഏറ്റുമുട്ടുന്നു. രണ്ടാം സീറ്റിൽ എൻസിയിലെ സജ്ജാദ് കിച്ലുവും ബിജെപിയില രാകേഷ് മഹാജനും മത്സരിക്കുന്നു. മൂന്നാം വിജ്ഞാപനത്തിൽ രണ്ടു സീറ്റുകളിലേക്കാണു മത്സരം. ജി.എസ്. ഒബ്റോയി, ഇമ്രാൻ നബി ദാർ എന്നിവരാണ് എൻസി സ്ഥാനാർഥികൾ. ബിജെപി സ്ഥാനാർഥി സത് ശർമയാണ്.
41 അംഗങ്ങളുള്ള നാഷണൽ കോൺഫറൻസിന് ആറ് അംഗങ്ങളുള്ള കോൺഗ്രസിന്റെയും സിപിഎമ്മിന്റെ ഒരംഗത്തിന്റെയും ആറ് സ്വതന്ത്രരുടെയും പിന്തുണയുണ്ട്.
മൂന്ന് അംഗങ്ങളുള്ള പിഡിപിയും രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൻസിയെ പിന്തുണയ്ക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Rajya Sabha elections