പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും പവൻ ഖേര പറഞ്ഞു.
"ബിഹാറിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലമാണ്. ഞങ്ങൾ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ എൻഡിഎയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനിക്കുമെന്നാണ് അവർ പറയുന്നത്.'-പവൻ ഖേര കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ നിലവിലെ സർക്കാരിനെ മടുത്തു കഴിഞ്ഞു. എല്ലാ മേഖലയേയും തകർത്ത ഈ സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ അവർ തയാറായിരിക്കുകയാണ്."-പവൻ ഖേര അവകാശപ്പെട്ടു.
മഹാസഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും പവൻ ഖേര പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷിനെ പ്രഖ്യാപിക്കാതെ ബിജെപി അദ്ദേഹത്തെ അപമാനിച്ചെന്നും പവൻ ഖേര പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Tags : bihar election 2025 pawan khera grand alliance congress rjd nda