ഒറ്റപ്പാലം -ചെർപ്പുളശേരി പാതയിൽ വൈദ്യുതിതൂണുകൾ മാറ്റുന്നു
1453754
Tuesday, September 17, 2024 1:50 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം-ചെർപ്പുളശേരി പ്രധാന പാതയിൽ വൈദ്യുതത്തൂണുകൾ മാറ്റി തുടങ്ങി. റോഡ് നവീകരണഭാഗമായി 11 കിലോമീറ്റർ ദൂരത്തെ വൈദ്യുതത്തൂണുകളാണ് മാറ്റുന്നത്. 18 ട്രാൻസ്ഫോർമറുകളും 384 വൈദ്യുതത്തൂണുകളുമാണ് ഒറ്റപ്പാലം, കോതകുറുശി കെഎസ്ഇബി സെക്ഷൻ ഓഫീസ് പരിധികളിൽനിന്ന് മാറ്റുന്നത്. ഇതിനുവേണ്ടിയുള്ള 2.49 കോടി രൂപ റോഡ് നവീകരണച്ചുമതലയുള്ള കേരള റോഡ് ഫണ്ട് ബോർഡ് കെഎസ്ഇബിയിൽ കെട്ടിവെച്ചിരുന്നു.
ഉയരംകൂടിയ ഇരുമ്പ് തൂണുകളാണ് പുതുതായി സ്ഥാപിക്കുന്നത്. ഒറ്റപ്പാലം പരിധിയിൽ 12 ട്രാൻസ്ഫോർമറുകളും 264 വൈദ്യുതത്തൂണുകളും കോതകുറുശി പരിധിയിൽ ആറ് ട്രാൻസ്ഫോർമറുകളും 120 തൂണുകളും മാറ്റും. ജല അഥോറിറ്റിയുടെ പൈപ്പ് ലൈനുകളും മാറ്റിസ്ഥാപിക്കുന്നുണ്ട്. റോഡരികിലെ മരങ്ങളും മുറിച്ചുമാറ്റും. 11 കിലോമീറ്റർ ദൂരംവരുന്ന പാത വീതികൂട്ടി റബറൈസ് ചെയ്താണ് നവീകരിക്കുന്നത്.
ഒറ്റപ്പാലം-ചെർപ്പുളശേരി പാത നവീകരിക്കുന്നതിന്റെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിയാണിത്. കീഴൂർ റോഡ് മുതൽ ചെർപ്പുളശേരിവരെയുള്ള ഭാഗത്തെ വിപുലീകരണം നേരത്തേ പൂർത്തിയായിരുന്നു.