കൊലപാതകശ്രമം: ഒരാൾകൂടി അറസ്റ്റിൽ
1602029
Thursday, October 23, 2025 1:06 AM IST
ചിറ്റൂർ: യുവാവിനെ സംഘംചേർന്ന് മർദിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒന്നാംപ്രതി പോലീസ് പിടിയിൽ. കൊഴിഞ്ഞാന്പാറ പെരുന്പാറച്ചള്ള സ്വദേശി കെ. ജയപ്രകാശ് (32) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച രാവിലെ പെരുന്പാറച്ചള്ള വീടിനു സമീപത്തുവച്ചാണ് പ്രതി അറസ്റ്റിലായത്. കഴിഞ്ഞമാസം 24നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. രാത്രിയിൽ പരസ്പരം ബഹളം വയ്ക്കുന്നതു ചോദ്യം ചെയ്ത സമീപവാസിയായ സി. രാജനെ (47) അഞ്ചുപേരടങ്ങുന്ന സംഘം മർദിക്കുകയായിരുന്നു.
സംഭവത്തിൽ പ്രദേശവാസികളായ കെ. ജയൻ (30), സി. രഞ്ജിത്ത് (28), കെ. ജിബി (23), കെ. അഭിജിത്ത് (23) എന്നിവർ അടുത്ത ദിവസംതന്നെ അറസ്റ്റിലായിരുന്നു. കൊഴിഞ്ഞാന്പാറ ഇൻസ്പെക്ടർ എം.ആർ. അരുണ്‍കുമാർ, ഗ്രേഡ് എസ്ഐ എം. മുഹമ്മദ് റാഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എസ്. അനീഷ്, സിവിൽ പോലീസ് ഓഫിസർ എം. റഷീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.