ആരോപണങ്ങൾ അടിസ്ഥാനരഹിതം: ഗഫൂർ കോൽക്കളത്തിൽ
1601819
Wednesday, October 22, 2025 6:36 AM IST
മണ്ണാർക്കാട്: അരിയൂർ സർവീസ് സഹകരണ ബാങ്കിന് താൻ ലക്ഷങ്ങൾ നൽകാനുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമെന്നു ജില്ലാ പഞ്ചായത്ത് മെംബർ ഗഫൂർ കോൽക്കളത്തിൽ മണ്ണാർക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണം തെളിയിക്കാനായാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും പറഞ്ഞു. തന്റെ പിതാവ് ബാങ്കിൽനിന്ന് വായ്പ എടുത്തിട്ടുണ്ട്. അദ്ദേഹം താൻ ജനിക്കുന്നതിന് മുമ്പു തന്നെ വായ്പ എടുക്കലും തിരിച്ചടയ്ക്കലും തുടങ്ങിയതാണ്. അവസാനമായി എടുത്ത വായ്പ 10.5 ലക്ഷം രൂപമാത്രമാണ്.
ഇതിന്റെ പകുതി തുക തിരിച്ചടച്ചിട്ടുണ്ട്. ബാക്കിയുള്ളത് വൈകാതെ തിരിച്ചടയ്ക്കും. അല്ലാതെ തനിക്ക് ബാങ്കിൽ വായ്പയില്ലെന്നും ഗഫൂർ കോൽളളത്തിൽ വ്യക്തമാക്കി.
ബാങ്കിൽ പ്രമോഷനായി വ്യാജ സർട്ടിഫിക്കറ്റ് നൽകി ബാങ്കിന് സാമ്പത്തിക ബാധ്യത വരുത്തി എന്നെല്ലാമുള്ള പ്രചാരണവും അടിസ്ഥാനരഹിതമാണ്. 12 വർഷങ്ങൾക്കു മുമ്പ് ബാങ്ക് തനിക്ക് പ്രമോഷൻ തന്നിരുന്നു. അതിനുള്ള അധികാരം ഭരണസമിതിക്കുണ്ട്. ഭരണസമിതി അത് റദ്ദാക്കിയപ്പോൾ നൽകിയ ശന്പളവും ബാങ്കിന് തിരിച്ചടച്ചിട്ടുണ്ടെന്നും ഗഫൂർ പറഞ്ഞു. ബാങ്കിനോ മറ്റു വ്യക്തികൾക്കോ യാതൊരു നഷ്sവും വരുത്തിയിട്ടില്ലന്നിരിക്കെ ഇത്തരം കുപ്രചരണങ്ങൾ തന്റെ രാഷ്ട്രീയ ജീവിതത്തിന് കളങ്കമേൽപ്പിക്കാനാണ്. ഇത് ജനങ്ങൾക്കിടയിൽ വിലപ്പോകില്ലെന്നും ഗഫൂർ കോൽക്കളത്തിൽ പറഞ്ഞു.