അന്പലക്കുളത്തിൽ യുവാവ് മുങ്ങിമരിച്ചു
1601653
Tuesday, October 21, 2025 11:11 PM IST
ശ്രീകൃഷ്ണപുരം: മണ്ണന്പറ്റ പച്ചായിൽ അന്പലക്കുളത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണന്പറ്റ ഇല്ലിക്കോട്ടിൽ ദീപക്(22) ആണ് മരിച്ചത്. ശ്രീകൃഷ്ണപുരം പഞ്ചായത്ത് ആശാവർക്കർ ദീപയുടെയും പരേതനായ രാമദാസന്റെയും മകനാണ്.
തിങ്കളാഴ്ച രാത്രി പന്ത്രണ്ടരവരെ ദീപക് വീട്ടിലുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പുലർച്ചെ ദീപക്കിനെ കാണാതായതിനെതുടർന്ന് ശ്രീകൃഷ്ണപുരം പോലീസിൽ പരാതി നൽകുകയും തുടർന്നു നാട്ടുകാർ തെരച്ചിൽ നടത്തുകയുമായിരുന്നു.
പച്ചായി അന്പലക്കുളത്തിന്റെ കുളിക്കടവിൽ ദീപക്കിന്റെ ചെരിപ്പും ഫോണും ടീഷർട്ടും കണ്ടതിനെതുടർന്ന് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. സഹോദരി: ദീപ്തി.