പൊള്ളാച്ചി കന്നുകാലിച്ചന്തയിൽ നവീകരണം ദ്രുതഗതിയിൽ
1601820
Wednesday, October 22, 2025 6:36 AM IST
പൊള്ളാച്ചി: പൊള്ളാച്ചി മുനിസിപ്പാലിറ്റിയുടെ കന്നുകാലിച്ചന്തയിൽ നവീകരണം ദ്രുതഗതിയിൽ. ഷെഡ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. കന്നുകാലിചന്ത ബിസിനസിനെ ബാധിക്കാത്ത വിധത്തിലാണ് പ്രവൃത്തി നടക്കുന്നത്. പണി വേഗത്തിൽ പൂർത്തിയാക്കി ഉപയോഗത്തിൽ വരുത്തണമെന്ന് വ്യാപാരികൾ നഗരസഭാ ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.
തുടർന്ന് നഗരസഭാ കമ്മീഷണറും ഉദ്യോഗസ്ഥരും പരിശോധന നടത്തി പ്രവൃത്തി വേഗത്തിലാക്കാൻ ഉത്തരവിട്ടു. അതനുസരിച്ച് ഷെഡ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. 10 ഏക്കർ വിസ്തൃതി പ്രദേശത്ത് 50 വർഷത്തിലേറെയായി കന്നുകാലി ചന്ത പ്രവർത്തിച്ചു വരുന്നു. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കന്നുകാലിചന്ത നടക്കുന്നത്. ആന്ധ്രാപ്രദേശ്, കർണാടക എന്നിവിടങ്ങളിൽനിന്നടക്കം വിവിധയിനം കന്നുകാലികളാണ് വില്പനക്കായി ചന്തയിലെത്തിക്കുന്നത്.