സൃഷ്ടിവൈഭവം തെളിയിച്ച് എൻഎസ്എസ് വോളന്റിയർമാർ
1601847
Wednesday, October 22, 2025 6:36 AM IST
വടക്കഞ്ചേരി: നാഷണൽ സർവീസ് സ്കീമിന്റെ 21 ദിവസത്തെ ജീവിതോത്സവ ചലഞ്ചിൽ തനതായ സൃഷ്ടിവൈഭവങ്ങൾ തെളിയിച്ച് എൻഎസ്എസ് വോളന്റിയർമാർ.
മദ്യം, മയക്കുമരുന്നുകൾക്കെതിരെയുള്ള ചിത്രമതിൽ ഒരുക്കൽ, നല്ല ശീലങ്ങൾ എഴുതി തൂക്കിയുള്ള ഒപ്പുമരം, ചങ്ങാത്തം കൂടൽ, ഡിജിറ്റൽ ഉപവാസം, നൃത്തപരിശീലനം, ഭരണഘടന പരിചയപ്പെടൽ, സ്റ്റാറ്റസ് മേള, പൂച്ചെടി നടീൽ, ഗാനാലാപനം, ഭക്ഷണം പങ്കുവയ്ക്കൽ, നാട്ടുവഴികളിലൂടെ നടന്നുള്ള നാട്ടറിവ് സമ്പാദനം, യോഗ പരിശീലനം, ചോദ്യവേള അങ്ങനെ 21 ദിവസവും വ്യത്യസ്തമായ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനങ്ങൾ.
ആരോഗ്യകരവും സൃഷ്ടിപരവും സന്തോഷകരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് മനസിനെയും ശരീരത്തെയും സ്വതന്ത്രമാക്കുക എന്നതായിരുന്നു 21 ദിന ചലഞ്ചിന്റെ ലക്ഷ്യം. വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിൽ പൊതുജനങ്ങൾക്ക് കൂടി കാണാവുന്ന വിധമായിരുന്നു മയക്കുമരുന്നിനെതിരെ എൻഎസ്എസ് വോളന്റിയർമാർ ചിത്രമതിൽ ഒരുക്കിയത്. കോ-ഓർഡിനേറ്റർ സ്മിത ടീച്ചർ, ലീഡർ അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ ഹിജാസ്, അനന്തകൃഷ്ണൻ, ഫാത്തിമ സിദ്ധിഹ, സാന്ദ്ര തുടങ്ങിയ വിദ്യാർഥി കൂട്ടമാണ് ലഹരിക്കെതിരെ കരവിരുതിന്റെ സൃഷ്ടി വൈഭവം തീർത്തത്.