നെല്ലിയാമ്പതിയിൽ പോളി ഹൗസ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം
1601410
Tuesday, October 21, 2025 1:05 AM IST
നെല്ലിയാമ്പതി: കാർഷികവികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിലുള്ള നെല്ലിയാമ്പതി ഗവ. ഓറഞ്ച് ആൻഡ് വെജിറ്റബിൾ ഫാമിലെ ഓഫ് സീസണിൽ പോളിഹൗസുകളിൽ കൃഷിയിറക്കിയ ശീതകാലപച്ചക്കറികളായ ബ്രോക്കോളി, കാബേജ് എന്നിവയുടെയും സിയാറാ ഇനം പച്ചമുളക് എന്നിവയുടെയും വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നീതു നിർവഹിച്ചു.
ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ ആർ. ആശ അധ്യക്ഷത വഹിച്ചു. ഫാം സൂപ്രണ്ട് പി. സാജിദലി, ഫാം മാനേജർ ദേവി കീർത്തന, മറ്റു തൊഴിലാളികൾ, ജീവനക്കാർ പങ്കെടുത്തു. പത്തു സെന്റ് വീതമുള്ള മൂന്നു പോളി ഹൗസുകളിൽ ആണ് ഇത്തരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തിട്ടുള്ളത്. ഓറഞ്ചിനും മറ്റു നാരക വർഗവിളകൾക്കും ഇടയിൽ ഓപ്പൺ പ്രിസിഷൻ ഫാമിംഗ് രീതിയിൽ വിവിധ ഇനം ശീതകാല പച്ചക്കറികൾ കൃഷി ഇറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫാമിൽ തകൃതിയായി നടന്നുവരികയാണ്.