ദേശീയപാത കൊല്ലത്തറയിൽ കാഴ്ചമറയ്ക്കുന്ന ഡിവൈഡറിലെ ചെടികൾ വെട്ടിമാറ്റണം
1602022
Thursday, October 23, 2025 1:06 AM IST
വടക്കഞ്ചേരി: ദേശീയപാത അഞ്ചുമൂർത്തിമംഗലം കൊല്ലത്തറയിലെ അപകടമരണങ്ങൾക്ക് ഡിവൈഡറിൽ വളർത്തുന്ന ഉയർന്ന ചെടികൾ കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ.
ചെടികൾ ആറടിയിലധികം ഉയരത്തിൽ നിൽക്കുന്നതിനാൽ റോഡു മുറിച്ചുകടക്കാൻ പാതയുടെ മധ്യത്തിലെ ഡിവൈഡറിൽ നിൽക്കുന്നവരെ വാഹന ഡ്രൈവർമാർക്ക് കാണാനാകാത്ത സ്ഥിതിയുണ്ട്. വാഹനം പാഞ്ഞുവരുന്നത് അകലെനിന്നു കാണാൻ യാത്രക്കാർക്കും കഴിയുന്നില്ല.
കഴിഞ്ഞദിവസം ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ രണ്ട് യുവാക്കൾ ഥാർ ജീപ്പ് ഇടിച്ചു മരിച്ച സംഭവത്തോടെയാണ് കൊല്ലത്തറ ഭാഗത്തെ അപകടക്കുരുക്കുകൾ ചൂണ്ടിക്കാട്ടി നാട്ടുകാർ വീണ്ടും രംഗത്തുവന്നിട്ടുള്ളത്. അതിനുമുമ്പും ഏതാനും വർഷങ്ങൾക്കിടെ കൊല്ലത്തറയിൽമാത്രം 21 പേർ മരണപ്പെട്ടിട്ടുണ്ടെന്ന്, കൊല്ലത്തറയിൽ വഴിയാത്രകാർക്ക് സുരക്ഷാസംവിധാനങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് നിരന്തരം കത്ത് നൽകി അധികൃതരെ ബോധ്യപ്പെടുത്തുന്ന സമീപവാസിയായ നായരങ്ങാടിയിലെ 87 കാരനായ ചെല്ലത്ത പറഞ്ഞു.
ചെടികളെല്ലാം വെട്ടിമാറ്റി ഉയരം കുറഞ്ഞ ചെടികൾ വളർത്തണം. രാത്രി എതിർദിശയിൽ നിന്നുള്ള വാഹനങ്ങളുടെ ലൈറ്റുകൾ ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാകാതെയും ശ്രദ്ധിക്കണം. ദേശീയപാതയുടെ ഇരുവശവും തിങ്ങിനിറഞ്ഞ് വീടുകളുള്ള പ്രദേശമാണ് കൊല്ലത്തറ. വടക്കഞ്ചേരി പഞ്ചായത്തിന്റെ നാല് വാർഡുകളിലെ ജനങ്ങൾക്ക് ദേശീയപാത മുറിച്ചുകടന്നുവേണം പാലക്കാട് ഭാഗത്തേക്കും തൃശൂർ ഭാഗത്തേക്കും യാത്ര ചെയ്യാൻ.
എന്നാൽ ഇത്രയും ജനങ്ങൾക്ക് സുരക്ഷിതമായി ദേശീയപാത മറികടക്കാൻ ഇവിടെ സംവിധാനങ്ങളില്ല. സിഗ്നൽ സംവിധാനങ്ങൾ പോലും പര്യാപ്തമല്ല. രാത്രിയായാൽ വെളിച്ചവും ഉണ്ടാകില്ല. ഇത് അപകടങ്ങൾ കൂട്ടുന്നു.
ഇരുദിശകളിലേക്കും ചെറിയ വളവു കൂടി പാതക്ക് ഉള്ളതിനാൽ വേഗതയിൽ വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾക്ക് റോഡ് കടക്കാൻ നിൽക്കുന്നവരെ ശ്രദ്ധിക്കാൻ കഴിയാതെ വരുന്നുണ്ട്. 2022 ഒക്ടോബർ അഞ്ചിന് അർധരാത്രി കൊല്ലത്തറയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാർഥികളടക്കം ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു പിന്നിലെ ഒരു കാരണം പാതയിലെ ഈ വളവായിരുന്നു.
യാത്രാ ബസുകൾക്ക് യാത്രക്കാരെ ഇറക്കാന്നും കയറ്റാനുമായി നിൽക്കാൻ ടാർ റോഡിൽ നിന്നും മാറി ബസ് ബേ നിർമിക്കണമെന്ന ആവശ്യത്തിനും ഇവിടെ പരിഹാരമായിട്ടില്ല. മറ്റു വാഹനങ്ങൾ കുതിച്ചെത്തുന്ന നടുറോഡിൽതന്നെയാണ് ബസുകൾ നിർത്തുന്നത്.
ഇതു പിറകിൽ വരുന്ന വാഹനങ്ങളുടെ കൂട്ടിയിടിക്കും കാരണമാവുകയാണ്.
അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും സത്വരനടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.