തണ്ണീരങ്കാട് ജിജെബി സ്കൂൾകെട്ടിട ഉദ്ഘാടനം നാളെ
1601405
Tuesday, October 21, 2025 1:05 AM IST
പാലക്കാട്: മാത്തൂർ പഞ്ചായത്തിലെ തണ്ണീരങ്കാട് ജിജെബി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്കുശേഷം മൂന്നിന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിർവഹിക്കും.
ഷാഫി പറമ്പിൽ എംഎൽഎയുടെയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെയും ആസ്തി വികസനഫണ്ടിൽനിന്നും മൂന്നുഘട്ടങ്ങളിലായി 1.32 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
498 ചതുരശ്ര അടിയിൽ രണ്ടുനിലയായിട്ടാണ് കെട്ടിടം പൂർത്തീകരിച്ചിരിക്കുന്നത്. രണ്ടു ക്ലാസ്മുറികളും, ഓഫീസ് മുറിയും, വരാന്തയും, ടോയ്ലറ്റ് ബ്ലോക്കും അടങ്ങുന്നതാണ് ഗ്രൗണ്ട് ഫ്ലോർ.
ഒന്നാംനിലയിൽ മൂന്ന് ക്ലാസ് മുറികളും, വരാന്തയും, ടോയ്ലറ്റ് ബ്ലോക്കും ഉൾപ്പെട്ടിട്ടുണ്ട്. ക്ലാസ് മുറികളും ടോയ്ലറ്റും നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് നിർമിച്ചിരിക്കുന്നത്.
മാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ശ്രീധരൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആസിഫ് അലിയാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നാദിറ ഇസ്മയിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രേമ ദാസൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ പ്രകാശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമദാസൻ, വാർഡ് മെംബർ അനിത കലാധരൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. വിക്ടർ ഡേവിഡ് എന്നിവർ പങ്കെടുക്കും.