മായവരം, തഞ്ചാവൂർ, കുംഭകോണം ക്ഷേത്രങ്ങൾ സന്ദർശിച്ച് രഥോത്സവ ക്ഷേത്രപ്രതിനിധികൾ
1601152
Monday, October 20, 2025 1:10 AM IST
പാലക്കാട്: കല്പാത്തി രഥോത്സവ ഒരുക്കങ്ങൾ തകൃതിയിൽ. ഉത്സവത്തിന്റെ പ്രഭവകേന്ദ്രമായ മായവരത്തെ ആദരവോടെ സ്മരിച്ച് കല്പാത്തി നിവാസികൾ.
ഇതിന്റെ ഭാഗമായി അഗ്രഹാരങ്ങളിലെ ക്ഷേത്രഭാരവാഹികൾ കഴിഞ്ഞദിവസം തമിഴ്നാട്ടിലെ മായവരം (മയിലാടുംതുറൈ) മയൂരനാഥപുരം ക്ഷേത്രം സന്ദർച്ചു.
തുലാം ഒന്നിനായിരുന്നു മായവരം മയൂരനാഥ ക്ഷേത്രത്തിലും കല്പാത്തി ശ്രീവിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലും ഒരുമാസംനീളുന്ന തീർത്ഥോത്സവം ആരംഭിക്കുന്നത്. മാസാവസാനം പത്തു ദിനങ്ങളിലായാണ് രഥോത്സവം. കല്പാത്തി സംയുക്തരഥോത്സവ പത്രികയുടെ തമിഴ് പരിഭാഷ മായവരം ക്ഷേത്രത്തിൽ സമർപ്പിച്ച് ക്ഷേത്ര പുരോഹിതരേയും അവിടത്തെ അഗ്രഹാര നിവാസികളേയും കല്പാത്തി രഥോത്സവത്തിലേയ്ക്ക് ക്ഷണിച്ചു.
കല്പാത്തി ശിവക്ഷേത്രം മാനേജിംഗ് ട്രസ്റ്റി വി.കെ. സുജിത്കുമാർ വർമ, ചാത്തപ്പുരം പ്രസന്ന ഗണപതി ക്ഷേത്രം കാര്യദർശി സി.വി. മുരളീ രാമനാഥൻ, ട്രഷറർ എ.വി. വാസുദേവൻ, മന്ദക്കര ശ്രീ മഹാഗണപതി ക്ഷേത്രം അധ്യക്ഷൻ കെ.എസ്. കൃഷ്ണ, പഴയ കല്പാത്തി ശ്രീലക്ഷ്മീ നാരായണ പെരുമാൾ ക്ഷേത്രം ട്രസ്റ്റി സി.വി. ശ്രീകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മായവരം ക്ഷേത്രം സന്ദർശിച്ചത്.