എക്സൈസ് വകുപ്പിന്റെ ‘വിഷൻ 2031’ സെമിനാർ ഇന്ന്
1602024
Thursday, October 23, 2025 1:06 AM IST
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ ‘വിഷൻ 2031’ സംസ്ഥാന സെമിനാറുകളുടെ ഭാഗമായി എക് സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ ഇന്നു രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടക്കും. നാലു വേദികളിലായി നാലു സെഷനുകളായാണ് സെമിനാർ നടക്കുന്നത്. 2031 വർഷത്തോടെ എക്സൈസ് വകുപ്പിന്റെ പ്രവർത്തനകാഴ്ചപ്പാട് രൂപീകരിക്കുകയാണ് സെമിനാറിന്റെ പ്രധാന ലക്ഷ്യം.
രാവിലെ 9.30ന് ആരംഭിക്കുന്ന സെമിനാറിൽ മന്ത്രി എം.ബി. രാജേഷ് വകുപ്പിന്റെ 2031 ലേക്കുള്ള കരട് നയരേഖ അവതരിപ്പിക്കും. എക്സൈസ് വകുപ്പിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ, നിലവിലുള്ള സുപ്രധാന നയങ്ങൾ, നടപ്പാക്കിയ സുപ്രധാന പദ്ധതികൾ എന്നിവ ഉൾപ്പെടുന്ന റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ അവതരിപ്പിക്കും. എഡിജിപിയും എക്സൈസ് കമ്മീഷണറുമായ എം.ആർ. അജിത്കുമാർ, സംസ്ഥാന ബിവറേജസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഹർഷിത അട്ടല്ലൂരി തുടങ്ങിയവർ സംബന്ധിക്കും.
വിനോദസഞ്ചാരവും വ്യാവസായിക വളർച്ചയും വ്യാവസായിക സൗഹൃദ മദ്യനയത്തിന്റെ അനിവാര്യത, മയക്കുമരുന്ന് രഹിത നവകേരളം പ്രതിരോധവും പ്രതീക്ഷകളും, കേരളത്തിലെ കള്ള് വ്യവസായത്തിന്റെ നവീകരണവും സുസ്ഥിരവികസനവും, എക്സൈസ് നിയമ പരിഷ്കരണവും ലഹരി പ്രതിരോധത്തിലെ പ്രായോഗിക വശങ്ങളും തുടങ്ങി നാല് വിഷയങ്ങളിലായി പാനൽ ചർച്ചകൾ നടക്കും.
സമാപന സെഷനിൽ എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ റിപ്പോർട്ട് അവതരിപ്പിക്കും.