നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്ക്
1601409
Tuesday, October 21, 2025 1:05 AM IST
നെന്മാറ: ദീപാവലി അവധിയോടനുബന്ധിച്ച് കഴിഞ്ഞ രണ്ടു ദിവസവും നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. ഇരുചക്രവാഹനം ഉൾപ്പെടെ ശരാശരി 4000 വാഹനങ്ങൾ പോത്തുണ്ടി ചെക്ക്പോസ്റ്റിലൂടെ കടന്നുപോയെന്ന് ചെക്ക്പോസ്റ്റ് അധികൃതർ പറഞ്ഞു.
അതുപ്രകാരം പതിനയ്യായിരത്തിലേറെ ആളുകൾ ഓരോ ദിവസവും നെല്ലിയാമ്പതി സന്ദർശിച്ചതായാണ് കണക്ക്. നെല്ലിയാമ്പതി ചുരംപാതയിലും വീതി കുറഞ്ഞ സീതാർകുണ്ട്, കാരപ്പാറ, റൂട്ടുകളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കേശവൻപാറ സന്ദർശകരുടെ വാഹനങ്ങളുടെ നീണ്ടനിര പാർക്കിംഗ് ഗ്രൗണ്ടും നിറഞ്ഞ് റോഡരികിലേക്ക് നീണ്ടു. പുലയമ്പാറയിൽ സഫാരി ജീപ്പ് സർവീസുകാരും വിനോദസഞ്ചാരികളുടെ വാഹനത്തിരക്കും ഗതാഗതക്കുരുക്കിന് ഇടയാക്കി.
വൈകുന്നേരം നാലിനുശേഷം ഉണ്ടായ മഴ തിരിച്ചിറങ്ങുന്ന വിനോദസഞ്ചാരികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. ഇടയ്ക്ക് മഴയെ തുടർന്നുണ്ടായ കോടയും വാഹനഗതാഗതത്തിന് വേഗത കുറയാൻ ഇടയാക്കി.
നെല്ലിയാമ്പതിയിലെ റിസോർട്ടുകളിലും മറ്റു താമസസ്ഥലങ്ങളിലും റൂമുകൾ നേരത്തെ ബുക്ക് ചെയ്തിരുന്നു.
ഞായർ, തിങ്കൾ ദിവസങ്ങളിൽ എത്തിയ വിനോദസഞ്ചാരികളിൽ ബഹുഭൂരിപക്ഷം പേരും താമസസൗകര്യം ലഭ്യമല്ലാത്തതിനാൽ വൈകുന്നേരത്തോടെ മടങ്ങി.
വിനോദസഞ്ചാരവാഹനങ്ങളുടെ ഇടവിടാതെയുള്ള തിരക്ക് ചുരം റോഡിൽ ഉണ്ടായെങ്കിലും തിരക്ക് വകവയ്ക്കാതെ കാട്ടാനക്കൂട്ടം റോഡിൽ എത്തി ഏറെനേരം ഗതാഗതതടസവും ഉണ്ടാക്കി.