തൃപ്പാളൂർ ശിവക്ഷേത്രം തൂക്കുപാലത്തിന്റെ കൈവരികൾ തകർന്നു
1601844
Wednesday, October 22, 2025 6:36 AM IST
ആലത്തൂർ: അഞ്ച് കോടി രൂപ ചെലവഴിച്ച് നിർമിച്ച തൃപ്പാളൂർ ശിവക്ഷേത്രം തൂക്കുപാലത്തിന്റെ കൈവരികളിൽ ചിലത് ഉദ്ഘാടനം കഴിഞ്ഞ് ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ വെൽഡിംഗ് അടർന്ന് താഴെവീണു. തിങ്കളാഴ്ച ഉച്ചയോടെയാണ് തൃപ്പാളൂർ ശിവക്ഷേത്രം തൂക്കുപാലം കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന്റെ പിറ്റേദിവസംതന്നെ കൈവരികളിൽ ചിലത് അടർന്നുവീണത് നാണക്കേടായി.
കുട്ടികളടക്കം കടന്നുപോകുന്ന തൂക്കുപാലത്തിന്റെ വശങ്ങളിൽ സുരക്ഷാനെറ്റ് സ്ഥാപിച്ചിട്ടില്ല. ഇതും സുരക്ഷാകുറവിന് ഉദാഹരണമാണ്. എരിമയൂർ ഗ്രാമപഞ്ചായത്തിൽ ഗായത്രിപ്പുഴയ്ക്ക് കുറുകെയാണ് തൂക്കുപാലം നിർമിച്ചിരിക്കുന്നത്.
ഞായറാഴ്ച തുടങ്ങിയ തൃപ്പാളൂർ ശിവക്ഷേത്രത്തിലെ ദീപാവലി വാവുത്സവം ചൊവ്വാഴ്ചയാണ് സമാപിച്ചത്. ഈ ദിവസങ്ങളിൽ വാവുത്സവത്തിൽ പങ്കെടുക്കാൻ ധാരാളം ആളുകൾ തൂക്കുപാലത്തിലൂടെ കടന്നുപോയിരുന്നു.