മുനിയറകൾ തകർത്ത സംഭവം: അന്വേഷണം വേഗത്തിലാക്കണമെന്നു വോയ്സ് ഓഫ് വടക്കഞ്ചേരി
1601823
Wednesday, October 22, 2025 6:36 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി കൊന്നക്കൽകടവ് ആനയടിയൻപരുതയിൽ മുനിയറകൾ തകർത്ത സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നു വോയ്സ് ഓഫ് വടക്കഞ്ചേരി ആവശ്യപ്പെട്ടു. കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളുടെ മുൻ പ്രസിഡന്റുമാരായ കെ. ബാലൻ, പി. ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചാണ് ഈ ആവശ്യം ഉന്നയിച്ചത്.
ചരിത്രസ്മാരകങ്ങൾ രാജ്യത്തിന്റെ സമ്പത്താണെന്നും അതു സംരക്ഷിക്കേണ്ടതു സർക്കാരിന്റേതെന്നപോലെ പൗരന്മാരുടെയും കടമയാണെന്നു സംഘടനാ ഭാരവാഹികൾ പറഞ്ഞു.
മഹാശിലായുഗ കാലഘട്ടത്തിലെ ശേഷിപ്പുകളാണ് മുനിയറകൾ. അതുകൊണ്ടുതന്നെ മുനിയറകൾ സംരക്ഷിക്കുന്നതിന് പഞ്ചായത്തും ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കണം.
മന്ദഗതിയിലുള്ള അന്വേഷണത്തിനെതിരേ ജില്ലാ പോലീസ് സൂപ്രണ്ടിനും കളക്ടർക്കും ഡിജിപിക്കും പരാതിനൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.