മത്സ്യസംസ്കരണ കന്പനിക്കെതിരേ നിയമപരമായി മുന്നോട്ടുനീങ്ങാൻ ഗ്രാമസഭകളിൽ തീരുമാനം
1601404
Tuesday, October 21, 2025 1:05 AM IST
വേലന്താവളം: വടകരപ്പതി ആട്ടയാംപതിയിൽ പ്രവർത്തിക്കുന്ന മത്സ്യസംസ്കരണ കമ്പനിക്കെതിരേ നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനം.
കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ചേർന്ന ആട്ടയാംപതി, ഒഴലപ്പതി, കിണർപ്പള്ളം എന്നീ വാർഡുകളിലെ പ്രത്യേക ഗ്രാമസഭയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
കമ്പനി പ്രവർത്തിക്കുന്ന സമയത്ത് ദുർഗന്ധം പരക്കുന്നതു പ്രദേശവാസികൾക്കു ദുരിതമായതിനെതുടർന്നാണ് നടപടി ആവശ്യപ്പെട്ടു പ്രത്യേക ഗ്രാമസഭകൾ വിളിച്ചു ചേർത്തത്. കമ്പനി സ്ഥിതി ചെയ്യുന്നതിനു ചുറ്റുമുള്ള അഞ്ച്, ആറ്, ഒമ്പത് വാർഡുകളിലാണ് പ്രത്യേക ഗ്രാമസഭ ചേർന്നത്.
ഗ്രാമസഭാ യോഗങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ഡി. ജോസി ബ്രിട്ടോ നേതൃത്വം വഹിച്ചു. വലിയ കമ്പനി നിലവിൽവന്നാൽ പ്രദേശത്തെ ജനങ്ങൾക്കു തൊഴിൽ ലഭിക്കുമെന്ന ഉദ്ദേശത്തോടെയാണ് അനുകൂലിച്ചതെന്നതെന്നായിരുന്നു പഞ്ചായത്ത് അംഗങ്ങളുടെ മറുപടി. നിയമപരമായ തെളിവുകൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കണമെന്നതാണ് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായം അറിയിച്ചത്.
ഇത്തരത്തിലുള്ളകമ്പനി തുടങ്ങുന്നതിനു മുൻപ് ഗ്രാമസഭ വിളിച്ചുചേർത്ത് അറിയിപ്പു കൊടുക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ല. പഞ്ചായത്തിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മിനിറ്റ്സിൽ രേഖപ്പെടുത്തിക്കൊണ്ടുതന്നെ കോടതിയെ സമീപിക്കാനും തീരുമാനമായി. അടുത്ത ഭരണസമിതിക്കും കേസുമായി മുന്നോട്ടു പോകാൻ ഉതകുന്നതരത്തിലായിരിക്കണം ഇടപെടലുകൾ വേണ്ടതെന്നും ഗ്രാമസഭ ഏകകണ്ഠമായി തീരുമാനിച്ചു. പഞ്ചായത്ത് സെക്രട്ടറി എ. മേരി ബിബിയാന, പഞ്ചായത്തംഗം ആർ. ബിന്ദു, ആർ. ശശികുമാർ, കെ. ചിന്നസ്വാമി എന്നിവർ പ്രസംഗിച്ചു.