ദേവാലയശില്പി കടപ്പാറ ജോബിന്റെ പാത പിന്തുടർന്ന് മൂന്നു മക്കളും
1601411
Tuesday, October 21, 2025 1:05 AM IST
ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: ആലത്തൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ ദേവാലയശില്പി കടപ്പാറ തോണിപ്പാറ വീട്ടിലെ ജോബിന്റെ മൂന്നുമക്കൾക്കും മരത്തിലെ നിർമാണപ്രവൃത്തികൾക്ക് സമ്മാനം. മൂത്തയാൾ മംഗലംഡാം ലൂർദ് മാതാഹയർ സെക്കൻഡറി സ്കൂളിൽ എട്ടാംക്ലാസിൽ പഠിക്കുന്ന ആരോൺ ടി. ജോബിൻ, രണ്ടാമത്തെ മകൻ പൊൻകണ്ടം മംഗലഗിരി സെന്റ് മേരീസ് എൽപി സ്കൂളിലെ നാലാം ക്ലാസുകാരൻ ജിയോൺ ടി. ജോബിൻ, ഇതേ സ്കൂളിൽ പഠിക്കുന്ന ഇളയയാൾ രണ്ടാം ക്ലാസുകാരൻ ഡിയോൺ ജോബിൻ എന്നിവരാണ് ശില്പ നിർമാണത്തിലും മരപ്പണിയിലും തിളങ്ങി സ്കൂളിന് അഭിമാനമായത്. ആരോണിനും ജിയോണിനും മരത്തിലെ കൊത്തുപണിയിൽ ഫസ്റ്റ് എ ഗ്രേഡും മൂന്നാമത്തെയാൾ ഡിയോണിന് മരപ്പണിയിൽ സെക്കൻഡ് എ ഗ്രേഡുമുണ്ട്.
ആരോണും ജിയോണും മുൻ വർഷങ്ങളിലേയും താരങ്ങളാണ്. രണ്ടാം ക്ലാസുകാരൻ ഡിയോൺ ആദ്യമായാണ് മത്സരത്തിനെത്തിയത്. വീടുകളിൽ ഉപയോഗയോഗ്യമായ ഏതെങ്കിലും അഞ്ച് ഐറ്റങ്ങളുടെ നിർമാണമായിരുന്നു രണ്ടാംക്ലാസുകാരന് ചെയ്യാനുണ്ടായിരുന്നത്. തത്സമയം ചേയ്യേണ്ടതാണ് ഇതെല്ലാം.
സ്റ്റൂളും ചിരവയും മൊബൈൽ സ്റ്റാൻഡ് ഉൾപ്പെടെ നിർമിച്ചാണ് ഡിയോൺ വിധികർത്താക്കളെ ഞെട്ടിച്ചത്.
ഡിസൈൻ തന്ന് അതിൽ കൊത്തുപണി നടത്തി പോളിഷ് ചെയ്ത് ഫിനിഷിംഗ് ഉൾപ്പെടെ ചെയ്യാനായിരുന്നു ആരോണിനും ജിയോണിനുമുള്ള മത്സരം. സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് തന്നെയായതിനാൽ ഡിസൈൻ കടുപ്പം കൂടിയതായിരുന്നെന്ന് ആരോൺ പറയുന്നു.
പട്ടാമ്പിയിൽ നടക്കുന്ന റവന്യു ശാസ്ത്രോത്സവത്തിൽ മത്സരിക്കുന്നതിനുള്ള പരിശീലനത്തിലാണ് ഇപ്പോൾ ആരോൺ. വീട്ടിൽ പഠനം കഴിഞ്ഞുള്ള സമയം കൊത്തുപണികൾക്കാണ് മൂന്ന് പേർക്കും താത്പര്യം. അതിന് സ്കൂളിൽ നിന്നുള്ള പിന്തുണ കൂടിയായപ്പോൾ അപൂർവമായ കഴിവുകൾ പ്രകടിപ്പിക്കാൻ മക്കൾക്കും അവസരങ്ങളായെന്ന് ജോബിൻ പറഞ്ഞു.
മൂന്നുപേരുടെയും കരവിരുതിലെ വിസ്മയങ്ങൾ കണ്ട് അയൽവാസിയായ ലൂർദ്മാതാ എച്ച്എസ്എസിലെ ഏഴാം ക്ലാസുകാരൻ ശ്രീജിത്തും ഇപ്പോൾ ഒഴിവുദിവസങ്ങളിൽ ഇവർക്കൊപ്പം ശില്പനിർമാണപുരയിലുണ്ടാകും.ശ്രീജിത്തിനും ശില്പ നിർമാണത്തിൽ ശാസ്ത്രോത്സവത്തിൽ ഫസ്റ്റ് എ ഗ്രേഡുണ്ട്. എട്ടാം ക്ലാസുകാരൻ ആരോണാണ് കൂട്ടുകാരനായ ശ്രീജിത്തിന്റെ ഗുരു. ശില്പ നിർമാണ വിദഗ്ദനാണ് ജോബിൻ. ദേവാലയ ശില്പങ്ങളിലെ സ്പെഷലിസ്റ്റാണ്.
അതിസൂക്ഷ്മതയും ക്ഷമയും വേണ്ട പണികളാണ് മരപ്പണിയെന്ന് ജോബിൻ പറയുന്നു. ഏറ്റവും പൂജ്യമായ സ്ഥലങ്ങളിൽ സ്ഥാപിക്കപ്പെടേണ്ട കുരിശുൾപ്പെടെയുള്ള വസ്തുക്കളുടെ നിർമാണമാകുമ്പോൾ അതിന് കൂടുതൽ കരുതലും വിശുദ്ധിയും വേണം.
കടപ്പാറ സെന്റ് മേരീസ് പള്ളി റോഡിലുള്ള ഇവരുടെ വീടിനോട് ചേർന്ന് തന്നെയാണ് ശില്പവിസ്മയങ്ങളുടെ പണിപ്പുര. നാനോ ശില്പനിർമാണത്തിലാണ് ജോബിന് കൂടുതൽ നൈപുണ്യം. മരത്തിലുള്ള വാഹനങ്ങളുടെ ഗിയർ നോബ്, ബൈബിൾ സ്റ്റാൻഡ്, രൂപകൂടുകൾ, കുരിശുകൾ, വചനമേശ, ബലിപീഠം തുടങ്ങിയവയാണ് നിർമിക്കുന്നത്.
വീടുകളിലേക്കുള്ള പ്രാർഥനാപീഠം, സ്റ്റാൻഡുകൾ, മരത്തിൽ തീർത്ത സ്പോട്ട് ലൈറ്റുകൾ, വേരുകളിലെ വിസ്മയ പണികൾ, കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങൾ തുടങ്ങി ദേവാലയങ്ങളിലേക്കുള്ള എല്ലാ മരസാധനങ്ങളും ഏറ്റവും പെർഫെക്ഷനിൽ ജോബിന്റെ കരവിരുതിൽ ജന്മമെടുക്കും.
ശില്പ കലയിൽ അക്കാദമിക് പഠനങ്ങളില്ലെങ്കിലും കരവിരുതിലെ ആശാൻ തന്നെയാണ് 69 കാരനായ ജോബിന്റെ ചാച്ചൻ തോമസും.
വീട്ടുപണികളെല്ലാം കഴിഞ്ഞാൽ ജോബിന്റെ ഭാര്യ ഷീനയും ശില്പനിർമാണത്തിൽ സഹായിയായുണ്ടാകും. ഓട്ടോ ഡ്രൈവർ കൂടിയാണ് ജോബിൻ.