മാലിന്യം വലിച്ചെറിയുന്നവർക്കു പിഴശിക്ഷ: വീടുകളിലെത്തി പിഴയീടാക്കും
1601822
Wednesday, October 22, 2025 6:36 AM IST
കോയമ്പത്തൂർ: കോർപറേഷൻ പ്രദേശങ്ങളിൽ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരെ നിയന്ത്രിക്കുന്നതിനായി, വാഹന രജിസ്ട്രേഷൻ രേഖപ്പെടുത്തിയ നമ്പറുള്ള വീടുകളിലെത്തി പിഴ ചുമത്താൻ തീരുമാനം.
പരിധിയിലെ 100 വാർഡുകളിലുമായി പ്രതിദിനം 1,200 ടൺ വരെ മാലിന്യം കോർപറേഷൻ ശേഖരിക്കുന്നുണ്ട്. ജൈവ, അജൈവ മാലിന്യത്തിനു പുറമെ ഇ- വേസ്റ്റും വെല്ലുവിളിയാണ്. വർഷങ്ങളായി വെള്ളലൂർ മാലിന്യക്കൂമ്പാരത്തിൽ ഇ- മാലിന്യം അടിഞ്ഞുകൂടുന്നതിനാൽ പ്രദേശത്തെ ജനങ്ങൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് കോർപറേഷൻ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്.
പുതിയ തീരുമാന പ്രകാരം വാഹന രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി നിയമലംഘകർക്ക് 1,000 രൂപ മുതൽ 10,000 രൂപ വരെ പിഴ ചുമത്തുമെന്നു കോർപ്പറേഷൻ ഭരണകൂടം മുന്നറിയിപ്പു നൽകി. സിസി ടിവി കാമറകളുണ്ടെങ്കിലും പൊതുജനങ്ങൾക്കിടയിൽ മാലിന്യം തള്ളുന്നതിനെതിരേ ബോധവത്കരണം ഫലപ്രദമല്ല. വൃത്തിയുള്ള നഗരം സൃഷ്ടിക്കാൻ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നു കോർപറേഷൻ അധികൃതർ അറിയിച്ചു.