ജനകീയാരോഗ്യകേന്ദ്രം കെട്ടിടോദ്ഘാടനം
1602027
Thursday, October 23, 2025 1:06 AM IST
കോങ്ങാട്: ഗ്രാമപഞ്ചായത്തിലെ മുച്ചീരി ജനകീയാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഓണ്‍ലൈനായി നിർവഹിച്ചു. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ 55.5 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടു നിലകളിലായി 1850 ചതുരശ്ര അടി വിസ്തൃതിയിൽ ആധുനിക ആരോഗ്യ സേവന പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.
രോഗികൾക്കുള്ള കാത്തിരിപ്പുസ്ഥലം, ആരോഗ്യ ബോധവത്കരണ ഹാൾ, ആരോഗ്യ പ്രവർത്തകർക്കുള്ള ഓഫീസ്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പരിശോധന സൗകര്യം, പാപ്സ്മിയർ പരിശോധന, രോഗ പ്രതിരോധ കുത്തിവെപ്പ്, ഇ സഞ്ജീവനി, യുഎച്ച്ഐഡി കാർഡ് പ്രിന്റിംഗ് തുടങ്ങിയ സൗകര്യങ്ങൾ ജനകീയാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. കെ. ശാന്തകുമാരി എംഎൽഎ അധ്യക്ഷത വഹിച്ചു. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവൻ മുഖ്യാതിഥിയായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.വി. റോഷ് റിപ്പോർട്ട് അവതരണം നടത്തി.