പാലക്കാട് വലിയങ്ങാടി : അണിഞ്ഞൊരുങ്ങും പുതുമോടിയിൽ
1601403
Tuesday, October 21, 2025 1:05 AM IST
പാലക്കാട്: വലിയങ്ങാടി അണിഞ്ഞൊരുങ്ങും പുതുമോടിയിൽ. ജില്ലയിലെ പ്രധാന വ്യാപാരകേന്ദ്രമായ പാലക്കാട് വലിയങ്ങാടിയുടെ സമഗ്ര വികസനത്തിന് 140 കോടി രൂപയുടെ കേന്ദ്രപദ്ധതിക്കാണ് അംഗീകാരമായത്.
കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതി സ്പെഷൽ അസിസ്റ്റന്റ്സ് ടു സ്റ്റേറ്റ് ഫോർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ് (എസ്എഎസ്സിഐ) പദ്ധതിയിൽ ഉൾപ്പെടുത്തി ആദ്യഘട്ടത്തിൽ 50 കോടിയും രണ്ടാംഘട്ടമായി 90 കോടി രൂപയുമാണു വികസനത്തിനായി ലഭിക്കുക.
ഇതിന്റെ ഭാഗമായുള്ള സർവേ നടപടികളിൽ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. വിശദാംശങ്ങൾ ശേഖരിച്ച് നവംബർ ആദ്യവാരം സംസ്ഥാനസർക്കാർ മുഖേന കേന്ദ്രത്തിന് റിപ്പോർട്ട് നൽകാനാണു നഗരസഭ ലക്ഷ്യമിടുന്നത്.
60 ഹെക്ടർ വരുന്ന വലിയങ്ങാടി പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തി വ്യാപാരത്തിനും ഷോപ്പിംഗിനും വിനോദത്തിനും ഒരുപോലെ ആധുനിക സൗകര്യം ലഭ്യമാക്കിയായിരിക്കും വികസനം.
പച്ചക്കറി, മീൻ മാർക്കറ്റുകൾ, പരിസരത്തെ സ്കൂളുകൾ, നഗരസഭാ കെട്ടിടം, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫിസ് തുടങ്ങിയവയുടെ നവീകരണമടക്കം പദ്ധതിയുടെ ഭാഗമായിരിക്കും.
പ്രദേശത്തെ കുളം, കനാൽ എന്നിവ നവീകരിച്ച് ഇതിനോടു ചേർന്ന് പാർക്ക്, ഫുഡ് സ്ട്രീറ്റ്, വാഹന പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കും.
വലിയങ്ങാടിയുടെ വ്യാപാരചരിത്രം ഒട്ടുംചോരാതെയായിരുന്നു വലിയങ്ങാടിയുടെ വികസനം. പ്രദേശത്തെ പ്രത്യേക ബ്ലോക്കുകളായി തിരിച്ച് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെ പുതിയ കെട്ടിടവും വ്യാപാര സൗകര്യവും ഒരുക്കുന്നതാണു പ്രധാന പദ്ധതി. ഇതിനായി സ്ഥലം ഏറ്റെടുക്കില്ല. ലഭ്യമായ സ്ഥലത്താകും നിർമാണം. കാലപ്പഴക്കം ഏറെയുള്ള സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളെല്ലാം നവീകരിക്കും.
ഉപഭോക്താക്കൾക്കു നവീന ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.