പുതുനഗരം പുതുമ കൃഷിക്കൂട്ടത്തിന് ഹൈടെക് കൂണ് ഷെഡ് സ്വന്തമായി
1443204
Friday, August 9, 2024 1:55 AM IST
പാലക്കാട് : ഒന്നരവർഷമായി കൂണും മൂല്യവർധിത കൂണ് ഉത്പന്നങ്ങളും നിർമിക്കുന്ന പുതുനഗരം പുതുമ കൃഷിക്കൂട്ടത്തിന് ഹൈടെക് കൂണ് ഷെഡ് സ്വന്തമായി. പുതുനഗരം കൃഷിഭവന്റെ കീഴിൽ ഫാം പ്ലാൻ പദ്ധതിയിലുൾപ്പെടുത്തി പുതുമ കൃഷിക്കൂട്ടം പ്രവർത്തിക്കുന്ന പണികുളന്പിലാണ് ഹൈടെക് കൂണ് ഷെഡ് നിർമിച്ചത്. ഷെഡിന്റെ ഉദ്ഘാടനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നകുട്ടൻ നിർവഹിച്ചു.
ഒന്നര വർഷത്തോളമായി പുതുമ കൃഷിക്കുട്ടം കൂണ് കൂണിൽ നിന്നുമുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്. കൃഷിക്കുട്ടം ഉത്പാദിപ്പിക്കുന്ന കൂണ്, കൂണ് അച്ചാർ, കൂണ് പൗഡർ ഉണക്കിയ കൂണ്. എന്നിവ കർമ്മസേന വഴിയും തെന്മല എഫ്എഫ്പിഒ വഴിയും വിൽപ്പന നടത്തുന്നുണ്ട്.
നിലവിൽ 21 അംഗങ്ങളുള്ള കൃഷിക്കൂട്ടത്തിന് ഹൈടെക് ഷെഡ് സ്വന്തമായതോടെ ഉത്പാദനവും ഗുണമേന്മയും വർധിപ്പിക്കാനാവും. പുതുനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു. ശാന്തകുമാരൻ അധ്യക്ഷനായി. കൊല്ലങ്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സ്മിത സാമുവൽ പദ്ധതി വിശദീകരണം നടത്തി. കൃഷി ഓഫീസർ എം.എസ്. റീജ, പുതുമ കൃഷിക്കൂട്ടത്തിന്റെ കൂണ് കൃഷിയെക്കുറിച്ച് വിശദീകരിച്ചു.