അറ്റകുറ്റപ്പണികൾ നടത്തി പട്ടാമ്പി പാലം തുറന്നുകൊടുക്കണമെന്ന് ആവശ്യം
1442056
Monday, August 5, 2024 1:56 AM IST
ഷൊർണൂർ: പട്ടാമ്പി പാലം അടച്ചിട്ടതോടെ മേഖലയിൽ ഗതാഗത പ്രശ്നം രൂക്ഷം.
പട്ടാമ്പിയേയും തൃത്താലയെയും ബന്ധിപ്പിക്കുന്നത് പട്ടാമ്പി പാലമാണ്. ഗതാഗതം നിരോധിച്ചതോടെ ദീർഘദൂര ബസുകളും ചരക്കുവാഹനങ്ങളും ഉൾപ്പെടെയുള്ളവ കടന്നുപോകുന്നത് ഏറെ ചുറ്റിവളഞ്ഞ് തൃത്താല വെള്ളിയാങ്കല്ല് പാലത്തിലൂടെയാണ്.
തൃത്താല, നാഗലശ്ശേരി, തിരുമിറ്റക്കോട്, കപ്പൂർ, ചാലിശ്ശേരി, ആനക്കര പഞ്ചായത്തുകളിലുള്ളവർക്ക് പാലക്കാട്, പെരിന്തൽമണ്ണ ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ പട്ടാമ്പി പാലം കടക്കണം.
പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചതോടെ വെള്ളിയാങ്കല്ല്, പരുതൂർ, പാലത്തറ ഗേറ്റ് വഴി ചുറ്റിയാണ് ഇപ്പോൾ ആളുകൾ പട്ടാമ്പിയിൽ എത്തുന്നത്.
ഞാങ്ങാട്ടിരി, കൂട്ടുപാത, വികെ. കടവ് ഉൾപ്പെടെ പാലത്തിനിപ്പുറത്തുള്ളവർക്ക് കൺമുന്നിൽ കാണാവുന്ന പട്ടണമാണ് പട്ടാമ്പി. വീട്ടുസാധനങ്ങൾ വാങ്ങുന്നതുമുതൽ ചികിത്സയ്ക്കുവരെ പട്ടാമ്പിയെയാണ് ഇവർ ആശ്രയിക്കുന്നത്.
പട്ടാമ്പിയിൽ ജോലിക്ക് പോകുന്നവരും നൂറുകണക്കിനുണ്ട്. പക്ഷേ, അങ്ങോട്ടെത്താൻ ഒന്നുകിൽ കാൽനടയായി പോകണം, അല്ലെങ്കിൽ 20 കിലോമീറ്ററിലധികം തൃത്താല വെള്ളിയാങ്കല്ല് വഴി ചുറ്റിപ്പോകണം.
പ്രായമായവരുടെ ചികിത്സയും പട്ടാമ്പിയിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവും പാലംതുറക്കുംവരെ പ്രതിസന്ധിയിലാകും.
പാലം എന്ന് ഗതാഗതയോഗ്യമാക്കും എന്ന കാര്യത്തിൽ അധികൃതർ ഉറപ്പുപറയാത്തതും ഇവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
വെള്ളപ്പൊക്കമുണ്ടായ ആദ്യദിവസങ്ങളിൽ പള്ളം-ചെറുതുരുത്തി വഴി ഷൊർണൂരിലേക്ക് കടക്കാനുള്ള റോഡിലെ കൊഴിക്കോട്ടിരി പാലം മുങ്ങിയതോടെ ആയിരക്കണക്കിന് ജനങ്ങളെ മറുകരയുമായി ബന്ധിപ്പിക്കുന്ന ഏക പാലമായും വെള്ളിയാങ്കല്ല് മാറിയിരുന്നു.
ഷൊർണൂരിലേക്കുള്ള ഈ വഴി പിന്നീട് തുറന്നുകൊടുത്തു.
എന്നാൽ, വെള്ളിയാങ്കല്ല് വഴി വാഹനങ്ങൾ വർധിച്ചതോടെ മംഗലം, പരുതൂർപാലത്തറ ഗേറ്റ്, വെള്ളിയാങ്കല്ല് പാലം ഉൾപ്പെടെ പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
മതിയായ കുറ്റപണികൾ നടത്തി പട്ടാമ്പി പാലം ഉടനടി ഗതാഗത്തിന് തുറന്നു കൊടുക്കണം എന്നാണ് ഉയർന്നു വന്നിട്ടുള്ള ജനകീയ ആവശ്യം.