പ്ലാസ്റ്റിക്കിനെതിരേ പോരാട്ടവുമായി പട്ടാന്പി നഗരസഭ
1423213
Saturday, May 18, 2024 1:40 AM IST
ഷൊർണൂർ: പ്ലാസ്റ്റിക് നിർമാർജന യജ്ഞവുമായി പട്ടാമ്പി നഗരസഭ. "കളക്ടേഴ്സ് ബിൻ' എന്ന പേരിൽ രണ്ടുലക്ഷംരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.
മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനാണ് പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ പദ്ധതി ആവിഷ്കരിച്ചത്.
വിവിധയിടങ്ങളിൽ മാലിന്യം ശേഖരിക്കുന്നതിനായുള്ള കുട്ടകൾ സ്ഥാപിച്ച് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് സംസ്കരിക്കുകയാണ് ലക്ഷ്യം.
ആദ്യഘട്ടത്തിൽ നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിൽ ഇതു സ്ഥാപിക്കും. ഇരുമ്പുവലകൾ കൊണ്ടുണ്ടാക്കിയ മാലിന്യത്തൊട്ടികളാണ് ഇതിനായി ഉപയോഗിക്കുന്നത്.
വിദ്യാലയങ്ങളിൽ കുട്ടികളും ജീവനക്കാരും ഉപയോഗംകഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ഈ കൊട്ടകളിൽ നിക്ഷേപിക്കും. നഗരസഭയിലെ ഹരിതകർമസേനാംഗങ്ങൾ ഇവ ശേഖരിക്കും.
വിദ്യാലയങ്ങൾക്കുപുറമേ പൊതു ഇടങ്ങളിലേക്കും സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മാലിന്യസംസ്കരണത്തോടൊപ്പം വിദ്യാർഥികളിൽ മാലിന്യസംസ്കരണത്തെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യവും പദ്ധതിക്കുണ്ടെന്ന് നഗരസഭാ വൈസ് ചെയർമാൻ ടി.പി. ഷാജി പറഞ്ഞു.