ചൂടിനു ശമനമേകി നീലഗിരിയിൽ കനത്ത മഴ
1416384
Sunday, April 14, 2024 6:14 AM IST
കോയന്പത്തൂർ: തണുത്ത മലയോര മേഖലയായ നീലഗിരിയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൂട് വർധിച്ചു. ഇതോടെ ജില്ലയിലെ ജലാശയങ്ങളിൽ കുടിവെള്ള ലഭ്യത കുറഞ്ഞു തുടങ്ങി.
വൈദ്യുതി ഉത്പാദന സ്രോതസായ ഡാമുകളിലും ജലനിരപ്പ് കുറഞ്ഞു. നദികൾ, തോടുകൾ, അരുവികൾ എന്നിവയും വറ്റിവരണ്ടു.
മൂന്ന് മാസത്തിന് ശേഷം കഴിഞ്ഞ ദിവസം രാത്രി മുതൽ നീലഗിരി ജില്ലയിൽ കനത്ത മഴ പെയ്തു. കൂനൂരിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. കനത്ത മഴയെത്തുടർന്ന് പ്രധാന റോഡുകളിലെ വീടുകളിലേക്ക് വെള്ളം കയറി. പലയിടത്തും ഗതാഗതം നിശ്ചലമായി. ചിലയിടങ്ങളിൽ കടകളിൽ വെള്ളം കയറി. വൈദ്യുതി മുടക്കവുമുണ്ടായി. കോത്തഗിരിയുടെ പരിസര പ്രദേശങ്ങളിലും മഴ പെയ്യുന്നുണ്ട്.
കോയമ്പത്തൂർ ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസാണ് പില്ലൂർ അണക്കെട്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കടുത്ത ചൂടിനെ തുടർന്ന് അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിരുന്നു. ഇതുമൂലം ഭവാനി നദിയിലെ വെള്ളം തുറന്നുവിടുന്നതും കുറഞ്ഞു. എന്നാൽ, നീലഗിരി ജില്ലയിൽ കനത്ത മഴയെ തുടർന്ന് കോയമ്പത്തൂർ ജില്ലയിലെ പില്ലൂർ അണക്കെട്ടിലേക്ക് വെള്ളം ഒഴുകിത്തുടങ്ങി. നിലവിൽ സെക്കൻഡിൽ 84 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
100 അടി ശേഷിയുള്ള പില്ലൂർ അണക്കെട്ടിന്റെ ജലനിരപ്പ് 63.50 അടിയാണ്. നീരൊഴുക്ക് വർധിച്ചതിനെ തുടർന്ന് പില്ലൂർ അണക്കെട്ടിൽ നിന്ന് ഭവാനി പുഴയിലേക്കും വെള്ളം തുറന്നുവിട്ടു. ഇതുമൂലം 2 മാസത്തിനു ശേഷം ഭവാനി പുഴയിൽ വെള്ളം നിറഞ്ഞു.