നെല്ലിയാന്പതി മലനിരകളിൽ കാട്ടുതീ പടരുന്നു
1415666
Thursday, April 11, 2024 12:59 AM IST
നെന്മാറ: വനം ഡിവിഷനിലെ നെല്ലിയാമ്പതി മലനിരകളുടെ പടിഞ്ഞാറു ഭാഗത്ത് പടർന്ന കാട്ടുതീ കൂടുതൽ ഭാഗങ്ങളിലേക്കു വ്യാപിച്ചു.
തിരുവഴിയാട് സെക്്ഷൻ പരിധിയിൽനിന്നും പോത്തുണ്ടി സെക്്ഷനിലേക്കും തീ പടർന്നു കയറി. രണ്ടു സെക്്ഷനിലെയും വനംജീവനക്കാരുടെയും വാച്ചർമാരുടെയും നേതൃത്വത്തിൽ തീ അണയ്ക്കൽ നടപടികൾ തുടരുകയാണ്.
പകൽ സമയത്ത് ചൂടുകാറ്റും കുത്തനെയുള്ള മലഞ്ചെരുവും കരിയിലകൾ വീണുകിടക്കുന്നതും കൂടുതൽ പ്രദേശങ്ങളിലേക്ക് കാട്ടുതീ വ്യാപിക്കാൻ ഇടയാക്കി.
ചൊവ്വാഴ്ച ആരംഭിച്ച കാട്ടുതീ കൽച്ചാടി വനമേഖലയിലും എത്തി. കുന്നിൻ മുകളിലൂടെ പടർന്ന കാട്ടുതീ പോത്തുണ്ടി ഡാമിനു തെക്കുഭാഗത്തുള്ള വനമേഖലയെയും അഗ്നിക്കിരയാക്കി. പോത്തുണ്ടി തേക്ക് പ്ലാന്റേഷനു മുകൾഭാഗത്ത് കാട്ടിൽ പടരുന്ന തീ നിയന്ത്രിക്കാൻ ബ്ലോഗർ മെഷീനുകളുടെ സഹായത്തോടെ കരിയിലകൾ അടിച്ചുമാറ്റി നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്.
പോത്തുണ്ടി നെല്ലിയാമ്പതി റോഡിലെ കുണ്ടാർചോലയ്ക്ക് തെക്ക് പടിഞ്ഞാറായുള്ള ഉയർന്ന കുന്നിൻ പ്രദേശങ്ങളിലെ പുൽമേടുകളാണ് പകലും കഴിഞ്ഞ രാത്രിയും കത്തിയമർന്നത്.
കൽച്ചാടി ഭാഗത്തുനിന്നും നെല്ലിയാമ്പതി മലയുടെ മുകൾ ഭാഗത്തിലേക്ക് തീ പടരുന്നത് തടയാനായി ബ്ലോവറുകൾ ഉപയോഗിച്ച് പുഴയുടെ സമീപത്തു കൂടി ഫയർ ബ്രേക്കറുകൾ നിർമിച്ചു കൊണ്ടിരിക്കുകയാണ്.
വനംവകുപ്പ് ജീവനക്കാർ കാട്ടിനകത്ത് തീ നിയന്ത്രണ നടപടികളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ മൊബൈൽ റേഞ്ച് ലഭ്യമല്ലാത്തതിനാലും കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
കൽച്ചാടിയിലേക്ക് പടർന്നു കയറിയ കാട്ടുതീ കർഷകനായ അബ്ബാസിന്റെ റബ്ബർ തോട്ടത്തിലേക്ക് ഉച്ചയോടെ പടർന്നു.
തൊഴിലാളികളും സമീപവാസികളും ചേർന്ന് ഈ അണച്ചതിനാൽ വ്യാപകമായ നാശം ഒഴിവായി.
കഴിഞ്ഞദിവസം രാത്രിയും നിരങ്ങൻപാറ, കൽച്ചാടി, ഭാഗങ്ങളിലെ കർഷകർ കൃഷിയിടങ്ങളിലേക്ക് തീ പടരുന്നത് തടയുന്നതിനായി കാവലിരുന്നു.
കാട്ടുതീ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെട്ട വനംജീവനക്കാർ വെള്ളവും ഭക്ഷണവും ലഭിക്കാതെയും കനത്ത ചൂടിലും വളരെ ബുദ്ധിമുട്ടിയാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കുന്നത്.