കല്ലന്തോട്ടിൽ കൃഷിയിടം ഉഴുതുമറിച്ച് കാട്ടുപന്നിക്കൂട്ടം
1415658
Thursday, April 11, 2024 12:59 AM IST
ചിറ്റൂർ: കല്ലന്തോട്ടിൽ കാട്ടുപന്നിക്കൂട്ടമെത്തി വീടിനു പിറകിലെ കുലവാഴകൾ കുത്തിവീഴ്ത്തി വ്യാപക നാശം വരുത്തി. പെരുമാട്ടി കല്ലന്തോട് തങ്കവേലുവിന്റെ വീട്ടിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി 10.30നാണ് പന്നിക്കൂട്ടം എത്തിയത്. അപകടഭീതി കാരണം വിട്ടുകാർ പുറത്തിറങ്ങിയില്ല. പതിനഞ്ചു വാഴകൾ പിഴുതെറിഞ്ഞതിൽ എട്ടെണ്ണം കുലയ്ക്കാറായ വാഴകളാണ്.
കടുത്ത ജലക്ഷാമത്തിലും ഏറെ ശ്രദ്ധയോടെ പരിപാലിച്ച വാഴകളാണ് പന്നികൾ നശിപ്പിച്ചത്. പന്നികൾ സമീപത്തുതന്നെയുള്ള കവുങ്ങുതോട്ടത്തിലിറങ്ങി കുത്തി ഗർത്തമുണ്ടാക്കിയിട്ടുണ്ട്. നർണി - കല്യാണപ്പേട്ട പ്രധാന പാതയ്ക്കരികിലാണ് തങ്കവേലുവിന്റെ വീടും തോപ്പുമുള്ളത്.
രാത്രിസമയത്ത് ഇരുചക്ര വാഹനത്തിൽ റോഡിൽ സഞ്ചാരിക്കാൻ യാത്രക്കാർ ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജലക്ഷാമം നേരിടുന്ന പന്നിക്കൂട്ടം വീടുകൾക്കു പിറകിൽ സൂക്ഷിക്കുന്ന ജലം കുടിച്ചുതീർത്ത് തൊട്ടിയും നശിപ്പിച്ചാണ് സ്ഥലം വിടുന്നത്.
പന്നികൾ കാർഷിക വിള നശിപ്പിച്ചാൽ വനം വകുപ്പ് നഷ്ടപരിഹാരം നൽകുമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഇതുവരെയും അതുണ്ടായില്ലെന്നതു വിളനാശം ഉണ്ടാവുന്നവരെ നിരാശപ്പെടുത്തുന്നുണ്ട്.