പെരുമാട്ടി ഗവ. ഐടിഐ മികവിലേക്കുള്ള പാലം: മന്ത്രി വി. ശിവൻകുട്ടി
1396750
Saturday, March 2, 2024 1:50 AM IST
ചിറ്റൂർ: പെരുമാട്ടി ഗവ. ഐടിഐ അവസരങ്ങളിലേക്കുള്ള കവാടവും മികവിലേക്കുള്ള പാലവും സമൂഹത്തിന് പ്രതീക്ഷയുടെ പ്രകാശവുമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ ചിറ്റൂർ താലൂക്കിലെ പെരുമാട്ടി ഗവ ഐടിഐയിൽ ഒന്നാംഘട്ട നിർമാണം പൂർത്തീകരിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രം സ്ഥാപിക്കുകയായിരുന്നു സർക്കാർ ലക്ഷ്യം. അശ്രാന്ത പരിശ്രമത്തിന്റെയും പ്രതിബന്ധതയുടെയും സാക്ഷ്യമായ കെട്ടിട സമുച്ചയത്തിന്റെ ആദ്യഘട്ടം പൂർത്തിയാകുന്പോൾ ഈ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ആധുനിക കാലഘട്ടത്തിനനുസരിച്ച് പുതിയ ട്രേഡുകളും ട്രെൻഡുകളും മനസിലാക്കി ഐടിഐയുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഐടിഐയിൽ മെക്കാനിക്കൽ അഗ്രികൾച്ചറൽ മിഷനറി പ്രാക്ടിക്കൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ചിറ്റൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ പട്ടികജാതി പട്ടികവർഗ കോളനികളും സോളാർ പാനൽ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചുവെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സോളാർ പാനൽ സ്ഥാപിക്കാൻ കഴിഞ്ഞാൽ വൈദ്യുതി ബില്ലിന് പുറമേ മിച്ചം പണം ഉപഭോക്താക്കൾക്ക് ലഭിക്കും.
ഇതുവരെ 2000 പട്ടികവർഗ വിഭാഗക്കാരുടെ വീടുകളിലാണ് പാനൽ സ്ഥാപിച്ചത്. ഈ വർഷം ഒരു ലക്ഷം വീടുകളിൽ ഹരിത വരുമാന വർധനവ് എന്ന പദ്ധതി വഴി പാനൽ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.