ക്ഷേത്രോത്സവങ്ങള്‍ക്ക് ഇനി ഗ്രീന്‍ പ്രോട്ടോകോള്‍; "ഭക്തിയിടം വൃത്തിയിടം' കാമ്പയിനു തുടക്കം
1394807
Friday, February 23, 2024 1:20 AM IST
പാലക്കാട്: ജില്ലയിലെ ഉത്സവങ്ങളും പൂരങ്ങളും ഹരിത പെരുമാറ്റചട്ടം പാലിച്ച നടത്തുന്നതിനായി ദേവസ്വം ബോര്‍ഡ് പ്രതിനിധികളുടെയും ക്ഷേത്രഭാരവാഹികളുടെയും ജില്ലാതല യോഗം സംഘടിപ്പിച്ചു.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സി. ബിജു അധ്യക്ഷനായി. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന എല്ലാ ഉത്സവങ്ങളും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കണമെന്നും അജൈവമാലിന്യങ്ങള്‍ ഉണ്ടാകാതിരിക്കാനും ഉണ്ടാകുന്ന മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസ്പോസ്ബിള്‍ വസ്തുക്കള്‍ ഒഴിവാക്കി പുനരുപയോഗ സാധ്യമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക, മാലിന്യത്തിന്റെ അളവ് പരമാവധി കുറച്ച് മാലിന്യങ്ങള്‍ വേര്‍തിരിച്ചു ശേഖരിക്കുക, പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക, കുടിവെള്ളത്തിനായി വാട്ടര്‍ ഡിസ്പെന്സര് സ്ഥാപിക്കുക, മാലിന്യം നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കുക, അലങ്കാരങ്ങള്‍, കമാനങ്ങള്‍, തോരണങ്ങള്‍ എന്നിവയ്ക്കായി പ്രകൃതിസൗഹൃദവസ്തുക്കള് ഉപയോഗിക്കുക, ഫ്ളെക്സ് ബോര്‍ഡ് നിര്‍മാണത്തിന് പ്ലാസ്റ്റിക് ഒഴിവാക്കി തുണി, മറ്റു പ്രകൃതി സൗഹൃദ വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുക, ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നതിന് കുട്ടികള്‍, യുവാക്കള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രീന്‍ വോളന്റിയര്‍മാരെ നിയോഗിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ മാലിന്യമുക്തം നവകേരളം കാമ്പയിന് സെക്രട്ടറിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന് അവതരിപ്പിച്ചു.
ഉത്സവങ്ങളിലെ ഹരിതപെരുമാറ്റച്ചട്ട പാലനവുമായി ബന്ധപ്പെട്ട് ഭക്തിയിടം വൃത്തിയിടം എന്ന പേരില്‍ കാമ്പയിന് തുടങ്ങുന്നതിനും യോഗത്തില്‍ തീരുമാനമായി.
ഉത്സവ സമയത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രദേശത്തെ ഹരിതകര്‍മ സേനയുടെയും സേവനം ഉറപ്പുവരുത്തുകയും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനു ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൃത്യമായ ഇളവേളകളില്‍ അനൗണ്‍സ് ചെയ്യുകയും വേണമെന്നു ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ ജി. വരുണ്‍ അറിയിച്ചു. ഉത്സവം നടക്കുന്ന പരിസരങ്ങളില്‍ ജില്ലാതല എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രത്യേക പരിശോധനയുണ്ടാകും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍, ക്ഷേത്ര ഭാരവാഹികള്‍, ശുചിത്വമിഷന് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.