റെയിൽവേ ട്രാക്കിൽ അമ്മയും മകനും മരിച്ചനിലയിൽ
1394555
Wednesday, February 21, 2024 11:32 PM IST
മലന്പുഴ: റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ അമ്മയുടെയും മകന്റെയും മൃതദേഹം കബറടക്കി. കുറുന്പാച്ചി മലയിൽ കുടുങ്ങി വാർത്തകളിൽ നിറഞ്ഞ ബാബുവിന്റെ അമ്മ റഷീദ (46), സഹോദരൻ ഷാജി (23) എന്നിവരെയാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നിനു റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മലമ്പുഴ കടുക്കാംകുന്നം റെയിൽവേ ഗേറ്റിനു സമീപമായിരുന്നു സംഭവം.
ഇന്നലെ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം കള്ളിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹങ്ങൾ കബറടക്കി. കുടുംബവഴക്കിനെതുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നു നാട്ടുകാർ പറഞ്ഞു. ഒരു സ്വകാര്യഹോട്ടലിൽ പാചകക്കാരിയായി ജോലിചെയ്തു വരികയായിരുന്നു റഷീദ. ഷാജി കിട്ടുന്ന പണിക്കെല്ലാം പോകുമായിരുന്നു.
മകൻ ബാബുവിന്റെ ലഹരി ഉപയോഗവും തുടർന്നുള്ള അക്രമങ്ങളും മനോവിഷമവുമാണ് ഇവരെ ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. മയക്കുമരുന്നിനടിമയായി ചികിത്സയിലായിരുന്ന ബാബു 2022 ലാണ് കുറുമ്പാച്ചിമലയിൽ കുടുങ്ങിയത്. അന്നു ദൗത്യസേന രണ്ടു ദിവസം പണിപ്പെട്ടാണ് ബാബുവിനെ രക്ഷിച്ചത്. ലക്ഷക്കണക്കിനു രൂപ സർക്കാരിനു ചെലവായി.
അന്നു മലയിൽനിന്നും രക്ഷപ്പെടുത്തിയ ബാബുവിനു സഹായഹസ്തവുമായി ഒട്ടേറെപ്പേർ രംഗത്തെത്തി. പണവും നൽകി. സേനയിൽ ജോലിവാഗ്ദാനവും കിട്ടി. ജോയിൻ ചെയ്യാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ബാബുവിന്റെ ഒരു വീഡിയോ വൈറലായത് എല്ലാം തകിടംമറിച്ചു. ലഹരിയിൽ അമ്മയെ തെറിവിളിക്കുന്നതും ആക്രമിക്കുന്നതുമായിരുന്നു വീഡിയോ. അതോടെ ജോലിവാഗ്ദാനവും നഷ്ടമായി. വീണ്ടും ലഹരിയിലമർന്ന് കുടുംബത്തിൽ കലഹങ്ങളുമായി ബാബു തുടർന്നു. കഞ്ചിക്കോട്ട് ബന്ധുവിന്റെ വീട്ടിൽ അക്രമം നടത്തി പോലീസ് പിടിയിലായി, കേസുമായി.
അമ്മ ഹോട്ടൽപണി ചെയ്തും അനുജൻ കൂലിവേല ചെയ്തുമാണ് കുടുംബം കഴിഞ്ഞിരുന്നത്. സ്വന്തമായി വീടില്ലാത്ത ഇവർ വാടകവീടുകൾ മാറിമാറി താമസിക്കേണ്ടിയും വന്നിരുന്നതായി നാട്ടുകാർ പറയുന്നു.
മരണവിവരമറിഞ്ഞു ബാബു ഇന്നലെ ജില്ലാ ആശുപത്രിയിലെത്തിയിരുന്നു. അവിടെയും മാനസികവിഭ്രാന്തി പ്രകടിപ്പിച്ചിരുന്നു. അതോടെ കബറടക്കവും കുറച്ചുനേരം അനിശ്ചിതത്വത്തിലായി.