ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷൻ കെട്ടിട ഭാഗങ്ങൾ തകർന്നു തുടങ്ങി
1377554
Monday, December 11, 2023 1:31 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ ഓഫീസ് മുറികളുടെ ടൈലുകൾ പൊട്ടിപ്പൊളിഞ്ഞു. ഓരോ ഓഫീസുകളുടെയും തറകളിൽ നിന്നു ടൈലുകൾ അടർന്നു മാറിയ നിലയിലാണ്.
പൊട്ടിപ്പൊളിഞ്ഞത് പൂർവസ്ഥിതിയിലാക്കാൻ ഒരു ശ്രമവും ഉണ്ടാവുന്നില്ല. ടൈലുകളെല്ലാം കെട്ടിടത്തിന്റെ മൂലയ്ക്ക് കൂട്ടിയിട്ട നിലയിലാണ്. സർക്കാർ ജീവനക്കാർ തങ്ങളുടെ വീടുകളേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഓഫീസിലാണെന്നിരിക്കെ വീടുപോലെ കരുതേണ്ട ഓഫീസുകളെ സംരക്ഷിക്കാനും, കേടുപാടുകൾ വരാതെ സൂക്ഷിക്കാനും ഒരു ശ്രദ്ധയും ചെലുത്തുന്നില്ലന്നാണ് ഉയർന്നു വരുന്ന പരാതി.
പൊട്ടിപ്പൊളിഞ്ഞ് വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇപ്പോൾ ഓഫീസുകളെല്ലാം ഇവിടെ പ്രവർത്തിക്കുന്നത്. പലയിടങ്ങളിലും പൊട്ടിയ ടൈലുകൾ കൂട്ടിവെച്ചിരിക്കുന്നതും കാണാവുന്നതാണ്.
കെട്ടിടത്തിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ വലിയ വീഴ്ച അധികൃതരുടെ ഭാഗത്തുനിന്നും സംഭവിച്ചിട്ടുണ്ട്. അടിയന്തരമായി കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് ആവശ്യം.