നീരൊഴുക്കിൽ മനോഹരിയായി കടപ്പാറ ആലിങ്കൽ വെള്ളച്ചാട്ടം
1548802
Thursday, May 8, 2025 2:01 AM IST
മംഗലംഡാം: വേനൽമഴയിൽ മലയോരത്തെ ജലപാതങ്ങളിൽ നീരൊഴുക്കുതുടങ്ങി. നല്ലപച്ചപ്പും കുളിർമയുമായി പ്രദേശവും അതിമനോഹരമാണിപ്പോൾ.
ഇതിനാൽ കാനനക്കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികളും കൂടിയിട്ടുണ്ട്. വനംവകുപ്പിന്റെ മുന്നറിയിപ്പുബോർഡുകൾ ശ്രദ്ധിച്ചുവേണം യാത്രകൾ. ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യവുമുണ്ടാകാനിടയുള്ള പ്രദേശമാണിത്.
കടപ്പാറക്കടുത്തെ ആലിങ്കൽ വെള്ളച്ചാട്ടവും ഇതിനടുത്തെ പോത്തംതോട് ജലപാതയുമാണ് കടപ്പാറയിലെ പ്രധാന കാഴ്ചകൾ.
കരിമ്പാറകളിൽ തട്ടിച്ചിതറി നുരഞ്ഞുംപതഞ്ഞും ആഴങ്ങളിലേക്കു പതിക്കുന്ന ആലിങ്കൽ വെള്ളച്ചാട്ടം ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. വെള്ളച്ചാട്ടത്തിനു അടുത്തെത്താൻ കാനനവഴികൾ താണ്ടിയുള്ള ക്ലേശയാത്രകളും ക്ഷീണവുമെല്ലാം കാഴ്ചയുടെ സമൃദ്ധിയിൽ നിമിഷാർധംകൊണ്ടു മറന്നുപോകും. വെളളച്ചാട്ടത്തിനു തൊട്ടുതാഴെ ആഴമുള്ള സ്ഥലത്തിറങ്ങിയുള്ള ആസ്വാദനം അത്ര സുരക്ഷിതമല്ല.
മുകളിൽ അടർന്നുനിൽക്കുന്ന പാറകല്ലുകൾ താഴേക്കുവീണ് അപകടസാധ്യതയുണ്ട്. കുറച്ചു മാറി നിന്നുള്ള ദൂരകാഴ്ചയാണ് സുരക്ഷിതം. മംഗലംഡാമിൽ നിന്ന് 14 കിലോമീറ്റർ അകലെ വനയാത്രയിലാണ് ആലിങ്കൽ വെള്ളച്ചാട്ടം.
മംഗലംഡാമിൽനിന്ന് 10 കിലോമീറ്റർ യാത്രയുണ്ട് കടപ്പാറക്ക്. അതു വരെ ടാർറോഡാണ്. അവിടെനിന്നും കാനന വഴിയുണ്ട്. വാഹനംപോകുന്ന ടൈൽസ്പതിച്ച വീതികുറഞ്ഞ കയറ്റമുള്ള വഴി.
കടപ്പാറ സെന്ററിൽ വാഹനം നിർത്തി വെള്ളച്ചാട്ടത്തിനടുത്തേക്കു നടന്നുപോകുന്നതാണ് കാനനഭംഗി ആസ്വദിക്കാൻ നല്ലത്. വനത്തിനകത്തുള്ള തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള വഴിയിലൂടെ യാത്രചെയ്ത് പോത്തംതോടെത്തി അവിടെയുള്ള കാട്ടുചോല കുറുകെ കടന്നാൽ ജലപാതത്തിനടുത്തെത്താം.
പോത്തംതോട്, കളികക്കല്ല്, ജലപാതം ഉൾപ്പെടുന്ന കുഞ്ചിയാർപതി എന്നീ മൂന്നു കാട്ടുച്ചോലകൾ സംഗമിക്കുന്ന തിപ്പിലിക്കയവും ഇവിടുത്തെ കാഴ്ചയാണ്.
ഏതു വേനലിലും ജലനിരപ്പ് കുറയാത്ത കയമാണ് തിപ്പിലിക്കയം. വലിയ നാട്ടുമത്സ്യസമ്പത്തും മറ്റു ജലജീവികളുടെയും വലിയ ആവാസകേന്ദ്രം കൂടിയാണ് ഈ ആഴമേറിയ കയം. നീന്താൻ അറിഞ്ഞാൽതന്നെ ഈ കയത്തിൽ കുടുങ്ങിയാൽ രക്ഷപ്പെടുന്നതു എളുപ്പമല്ല. അതിനാൽ അകലം പാലിച്ചുള്ള കാഴ്ചയാണ് അപകടരഹിതമായത്. മംഗലംഡാം റിസർവോയറിലേക്കാണ് ഈ വെള്ളമെല്ലാം ഒഴുകിയെത്തുന്നത്. ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കും കാട്ടുച്ചോലകൾ സംഗമിച്ചൊഴുകുന്ന കടപ്പാറപുഴ തന്നെയാണ്.