പാലക്കാട് വനംഡിവിഷനിൽ ഏർലി വാണിംഗ് സിസ്റ്റം ഉദ്ഘാടനംചെയ്തു
1549070
Friday, May 9, 2025 1:40 AM IST
പാലക്കാട്: നിർമിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏർലി വാണിംഗ് സിസ്റ്റം മനുഷ്യ-വന്യജീവി സംഘർഷ പരിഹാരത്തിലേക്കുള്ള മികച്ച കാൽവെപ്പാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ വന്യജീവി സംഘർഷം എന്ന സംസ്ഥാനത്തെ വലിയൊരു സാമൂഹ്യപ്രശ്നത്തിന് പരിഹാരം കാണാൻ ഈ സംവിധാനത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. വനാതിർത്തികളിൽ വന്യജീവികളുടെ സാന്നിധ്യം മുൻകൂട്ടി അറിയുന്നതിനും മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി പാലക്കാട് ഫോറസ്റ്റ് ഡിവിഷനിൽ നടപ്പാക്കിയ ഏർലി വാർണിംഗ് സിസ്റ്റം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഈ സംവിധാനം ഫലപ്രദമാണെന്ന് കണ്ടാൽ തീർച്ചയായും സമാനമായ പ്രശ്നങ്ങളുള്ള മേഖലയിലേക്ക് വ്യാപിപ്പിക്കുക എന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാട്ടിലെ മൃഗങ്ങളെയെല്ലാം ഇല്ലാതാക്കി വന്യജീവി സംഘർഷം അവസാനിപ്പിക്കാമെന്ന് ആരും ചിന്തിക്കുമെന്ന് തോന്നുന്നില്ല. കാട്ടിലെ മൃഗങ്ങളും കാടും പുഴയും അരുവിയും എല്ലാം ഉണ്ടെങ്കിലേ പ്രകൃതിയും ഉള്ളൂ എന്ന തിരിച്ചറിവുള്ളവരാണ് ജനസമൂഹം. മന്ത്രി പറഞ്ഞു.
പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കോന്പൗണ്ടിൽ നടന്ന പരിപാടിയിൽ എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം വി.കെ. ജയപ്രകാശ്, മലന്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ. ഇന്ദിര, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ആർ. ബിന്ദു, സുനിത അനന്തകൃഷ്ണൻ, എം.വി. സജിത, വന്യജീവി വിഭാഗം ഉത്തരമേഖല ഫോറസ്റ്റ്സ് ചീഫ് കണ്‍സർവേറ്ററും പാലക്കാട് ഈസ്റ്റേണ്‍ സർക്കിൾ ഫോറസ്റ്റ്സ് ചീഫ് കണ്‍സർവേറ്റർ കൂടിയായ ടി. ഉമ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ കൂടിയായ അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ്. പ്രമോദ് ജി. കൃഷ്ണൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ജോസഫ് തോമസ്, മറ്റ് ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഏർലി വാർണിംഗ് സിസ്റ്റം
ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നതിന് മുന്‍പ് വനാതിർത്തികളിൽ വന്യമൃഗങ്ങൾ എത്തുന്ന അവസരത്തിൽ തന്നെ മുൻകൂട്ടി അറിവ് ലഭിക്കുന്നതിന് വേണ്ടിയാണ് നിർമിതബുദ്ധിയുടെ സഹായത്തോടെ ഏർലി വാർണിംഗ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഏത് പ്രതികൂല സാഹചര്യത്തിലും രാത്രിയിലും പകലും പ്രവൃത്തിക്കുന്നതും 500 മുതൽ 1200 മീറ്റർ വരെ ദൂരപരിധിയിൽ സഞ്ചാരപഥത്തിലുള്ള ആന, പുലി മുതലായ വന്യജീവികളുടെ സാനിധ്യം മനസിലാക്കാൻ കഴിയുന്നതുമായ അത്യാധുനിക തെർമൽ കാമറകളും നൈറ്റ് വിഷൻ കാമറകളും ഉൾപ്പടെയുള്ള പെരിമീറ്റർ ഇൻട്രൂഷൻ ഡിറ്റക്ഷൻ സാങ്കേതികവിദ്യയാണിത്.
ഇവ ഉപയോഗിച്ച് വന്യജീവികളുടെ വിവരങ്ങൾ ശേഖരിക്കുകയും അവ കേന്ദ്രീകൃത കണ്ട്രോൾ റൂമിലെത്തിച്ച് നിർമിതബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്യുകയും ഈ വിവരം നിമിഷങ്ങൾക്കുള്ളിൽ ജനങ്ങളെ അറിയിക്കാൻ സാധിക്കുന്ന സംവിധാനമാണ് ഏർലി വാർണിംഗ്് സിസ്റ്റം. പാലക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിലെ ഒലവക്കോട്, വാളയാർ റേഞ്ച് പരിധികളിലെ പരുതിപ്പാറ, മായാപുരം എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.