നെന്മാറ-ഒലിപ്പാറ റോഡിന്റെ ശോച്യാവസ്ഥ തുടരും
1549063
Friday, May 9, 2025 1:40 AM IST
നെന്മാറ: നെന്മാറ-ഒലിപ്പാറ റോഡിന്റെ ദുരവസ്ഥയുമായി ബന്ധപ്പെട്ട പരാതികൾക്കും ആക്ഷേപങ്ങൾക്കും ഒടുവിൽ കേരള പിഡബ്ല്യുഡി എൻഎച്ച് വിഭാഗം ചീഫ് എൻജിനീയറും സംഘവും പരിശോധനയ്ക്കെത്തിയെങ്കിലും റോഡ്പണിയുടെ വേഗതയിൽ വലിയ പുരോഗതിയില്ലെന്ന് ആക്ഷൻ കമ്മിറ്റി. ഉദ്യോഗസ്ഥസംഘം വരുന്ന വിവരം അറിഞ്ഞ ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും വർക്ക് സൈറ്റിലെത്തി.
ഉദ്യോഗസ്ഥ സംഘം സഞ്ചരിച്ച വാഹനത്തിന് കൈ കാണിച്ചിട്ട് വാഹനം നിർത്താതെ പോയപ്പോൾ പിൻതുടർന്ന് വാഹനം തടഞ്ഞ്നിർത്തി ഉദ്യോഗസ്ഥരെ കാണേണ്ടിവന്നതിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പ്രതിഷേധിച്ചു.
റോഡ്പണിയുടെ വേഗതക്കുറവ്, പണി നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് സൂചനാബോർഡുകൾ ഇല്ലാത്തത്, റോഡ് പണിയുടെ ഭാഗമായി കുടിവെള്ള പൈപ്പ് പൊട്ടി പോകുന്ന കാര്യം, കുടിവെള്ള വിതരണത്തിനായി പത്തിലധികം ഭാഗങ്ങളിൽ റോഡ് ക്രോസ് ചെയ്ത് നടത്താൻ നിശ്ചയിച്ച പണികൾ വേഗം പൂർത്തീകരിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പ്രദേശവാസികളുടെ ആശങ്കകൾ ഉദ്യോഗസ്ഥരെ അറിയിക്കുവാനാണ് ആക്ഷൻ കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും എത്തിച്ചേർന്നത്.
ടാറിംഗ് പണി 15നകം തുടങ്ങുമെന്ന് ചീഫ് എൻജിനീയർ അറിയിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ കെ. രഘുകുമാർ, ജനറൽ കൺവീനർ എസ്.എം. ഷാജഹാൻ, എസ്. ഉമർ, റോയ് പുൽപ്ര, വി.എം. സ്കറിയ, കെ.ജി. രാഹുൽ എന്നിവർ പങ്കെടുത്തു.