നവീകരണത്തിലെ അനാസ്ഥ: പ്രതിഷേധമാർച്ച് നടത്തി
1548513
Wednesday, May 7, 2025 1:19 AM IST
മണ്ണാർക്കാട്: അട്ടപ്പാടി ചിന്നതടാകം അന്തർസംസ്ഥാനപാതയുടെ പ്രവൃത്തിയിലെ ഒന്നാംഘട്ടമായ നെല്ലിപ്പുഴമുതൽ ആനമൂളിവരെയുള്ള ഭാഗത്ത് കരാറുകാരൻ നടത്തുന്ന അനാസ്ഥക്കെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ കരാർകമ്പനി ഓഫീസിലേക്ക് ബഹുജനപ്രതിഷേധമാർച്ച് നടത്തി.
പണിതുടങ്ങി രണ്ട് വർഷം പിന്നിട്ടിട്ടും റോഡിന്റെ ടാറിംഗ് വർക്കുകൾ അനന്തമായി നീളുകയും റോഡ് മുഴുവൻ സഞ്ചാരയോഗ്യമല്ലാത്ത രീതിയിൽ തകർന്ന നിലയിലുമാണ്. ജൂൺമാസത്തിൽ സ്കൂളുകൾ തുറക്കുകയും മഴക്കാലം ആരംഭിക്കുകയും ചെയ്താൽ റോഡിലൂടെയുള്ള യാത്ര അതീവ ദുർഘടാവസ്ഥയിലാകും. സ്ഥലം എംഎൽഎ ഉൾപ്പടെയുള്ളവർ പലതവണ ഇടപെട്ടിട്ടും കരാറുകാരൻ നടത്തുന്ന ഗുരുതരമായ വീഴ്ചയിൽ പ്രതിഷേധിച്ചാണ് തെങ്കരയിൽ പ്രവർത്തിക്കുന്ന കരാറുകമ്പനിയുടെ ഓഫീസിലേക്ക് നൂറുകണക്കിന് പ്രദേശവാസികൾ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തിയത്.
ആക്ഷൻ കൗൺസിൽ ട്രഷറർ സി. ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. പൊതു പ്രവർത്തകൻ വിനോദ് ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷി നേതാക്കളായ പി. നാരായണൻകുട്ടി, കുരിക്കൾ സെയ്ദ്, കെ. സുരേന്ദ്രൻ, ഭാസ്കരൻ മുണ്ടക്കണ്ണി, അഡ്വ. സക്കീർ ഹുസൈൻ, അലവി, അലി പൊതിയിൽ, ജോയ് മണിമല തുടങ്ങിയവർ പ്രസംഗിച്ചു. തെങ്കര ജനകീയ സംരക്ഷണ സമിതി നേതാക്കളായ പി. അഷറഫ്, സാബിർ റംഷാദ്, രതീഷ്, നൗഷാദ്, മുസ്തഫ, രാധാകൃഷ്ണൻ, റഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.