കൈമാറാം, പുനരുപയോഗിക്കാം, കുടുംബശ്രീയുടെ കൈമാറ്റച്ചന്ത
1548512
Wednesday, May 7, 2025 1:19 AM IST
പാലക്കാട്: നിങ്ങളുപയോഗിക്കാത്ത, പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ഇനി പാഴാക്കേണ്ട. കുടുംബശ്രീയുടെ കൈമാറ്റചന്തയിൽ കൈമാറാം. ജില്ലാ ഇൻഫർമേഷൻ ഓഫീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തുള്ള മൈതാനത്ത് നടത്തുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലാണ് കുടുംബശ്രീ ജില്ലാ മിഷൻ കൈമാറ്റ ചന്ത ഒരുക്കിയിട്ടുള്ളത്. വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കാത്തതും എന്നാൽ ഉപയോഗയോഗ്യവുമായ സാധനങ്ങൾ കൈമാറ്റച്ചന്തയിൽ സ്വീകരിക്കും.
വൃത്തിയുള്ള വസ്ത്രങ്ങൾ, കുഞ്ഞുടുപ്പുകൾ, ജീൻസ്, ഷൂ, ബാഗ്, വൃത്തിയുള്ള ഹെൽമറ്റ്, പാത്രങ്ങൾ, പുസ്തകങ്ങൾ, ഫാൻസി ആഭരണങ്ങൾ, കളിപ്പാട്ടങ്ങൾ പ്രത്യേകം ശേഖരിക്കാനായി പ്രത്യേക കളിപ്പാട്ട കിണറും ഒരുക്കിയിട്ടുണ്ട്.
ഇപ്രകാരം ലഭിക്കുന്ന സാധനങ്ങൾ കൈമാറ്റചന്തയിലൂടെ ആവശ്യക്കാർക്ക് സൗജന്യമായി വാങ്ങാനും സാധിക്കും.
ഉപയോഗപ്രദമായ സാധനങ്ങൾ പഴക്കമുണ്ടെന്ന കാരണത്താൽ വലിച്ചെറിയുന്ന പ്രവണത ഇല്ലാതാക്കുകയും അതുവഴി ഉപയോഗസാധ്യത വർധിപ്പിക്കുകയാണ് കൈമാറ്റചന്തയുടെ ലക്ഷ്യം.
എന്റെ കേരളം പ്രദർശന വിപണനമേള ആരംഭിച്ചതു മുതൽ സാധനങ്ങൾ കൈമാറാനും വാങ്ങുന്നതിനുമായി നിരവധി പേരാണ് കൈമാറ്റക്കടയിലെത്തുന്നത്.