ടാപ്പിംഗ് നിലച്ചിട്ടും റബർവില കുറഞ്ഞു
1549062
Friday, May 9, 2025 1:40 AM IST
നെന്മാറ: റബർവില വീണ്ടും കൂപ്പുകുത്തി. നാലാം ഗ്രേഡ് റബർഷീറ്റ് 190 രൂപയിലേക്ക് വില താഴ്ന്നു. മാർച്ച് അവസാനം വില 207 രൂപ വരെയായി ഉയർന്നിരുന്നതാണ്. ക്രമേണ വില ഉയരും എന്ന പ്രതീക്ഷയിലായിരുന്നു കർഷകർ.
വിഷു, ഈസ്റ്റർ ഉത്സവങ്ങളോട് അനുബന്ധിച്ച് കർഷകരുടെ കയ്യിൽ ശേഷിച്ച റബർ ഷീറ്റ് വില്പനയ്ക്ക് എത്തിയതോടെയാണ് വില ദിവസേന ഒന്നും രണ്ടും രൂപ ക്രമത്തിൽ താഴ്ന്നുതുടങ്ങിയത്. റബർ ഷീറ്റ് വിലകുറഞ്ഞതിന് അനുപാതകമായി ഒട്ടുപാലിന്റെ വിലയും 110 രൂപയിലേക്ക് താഴ്ന്നു. വേനൽ ശക്തമായി മാർച്ച് പകുതിയോടെ റബർ ടാപ്പിംഗ് നിലയ്ക്കുന്നതോടെ സാധാരണഗതികൾ റബർ വില ഉയരാറുള്ളതാണ്. ഇക്കുറി നേരെ വിപരീതഫലമാണ് വിലനിലവാരത്തിൽ ഉണ്ടായത്.
200 ൽ താഴേക്ക് വില ചുരുങ്ങാൻ തുടങ്ങിയതോടെ റബർ ഷീറ്റുകൾ സംഭരിച്ചുവെച്ച കർഷകരുടെ കയ്യിലെ ശേഷിച്ച റബറും വിറ്റുതുടങ്ങി. കാലവർഷം ആരംഭിക്കുന്നതിന് മുന്പായി റബർമരങ്ങളിൽ മഴമറ സ്ഥാപിച്ച് മഴക്കാലത്ത് ടാപ്പിംഗ് ആരംഭിക്കുന്നതിനായി പ്ലാസ്റ്റിക്, പശ തുടങ്ങിയവ വാങ്ങേണ്ട സ്ഥിതിയും ഇപ്പോൾ കർഷകർക്കുണ്ട്. ജൂൺ രണ്ടാം വാരത്തോടെ പ്ലാസ്റ്റിക് ഷേഡ് ഇട്ട് ടാപ്പിംഗ് ആരംഭിക്കുകയും ചെയ്താൽ പുതിയ വർഷത്തെ ഉത്പന്നം വിപണിയിൽ എത്തുകയും വീണ്ടും വില താഴും എന്ന ആശങ്കയും കർഷകർക്കുണ്ട്.
റബർ വില 200ൽ താഴെ നിൽക്കുന്നത് തുടർന്നാൽ മഴക്കാലത്ത് ടാപ്പിംഗിന് കർഷകർ തയ്യാറാവാതെ ഇരിക്കുന്ന സ്ഥിതിയും ഉണ്ടാകും. റബർവില കുറഞ്ഞുനിൽക്കുന്നത് റബർ ഉത്പാദനത്തെ ബാധിക്കാൻ ഇടയുണ്ട്. റബർ ഉത്പാദനം വർധിപ്പിക്കുന്നതിനായി മഴക്കാല ടാപ്പിംഗ് ആരംഭിക്കുന്നതിനായി മഴമറ സ്ഥാപിക്കുന്നതിന് റബർ ബോർഡ് ഹെക്ടറിന് 4000 രൂപ സബ്സിഡി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മഴമറ സ്ഥാപിക്കാൻ കൂടുതൽ കർഷകർ മുന്നോട്ടു വന്നിട്ടില്ലെന്ന് റബർ ഉത്പാദകസംഘം ഭാരവാഹികൾ പറയുന്നു. 250 രൂപയെങ്കിലും താങ്ങുവില ലഭിക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ നടപ്പാക്കിയിട്ടില്ല.
രണ്ടാം പിണറായി സർക്കാർ താങ്ങുവിലയിലും വർധന വരുത്താത്തത് റബർ മേഖലയിൽ കനത്ത അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.