ശാപമോക്ഷംകാത്ത് പറളി റെയിൽവേ സ്റ്റേഷൻ
1548806
Thursday, May 8, 2025 2:01 AM IST
പാലക്കാട്: മേൽക്കൂരയില്ലാത്ത സ്റ്റേഷൻ, പ്ലാറ്റ്ഫോം നാമമാത്രം, അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ല. പറളി റെയിൽവേ സ്റ്റേഷന്റെ അവസ്ഥയാണിത്. കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കണമെന്നതു പതിറ്റാണ്ടുകളുടെ പഴക്കമുള്ള മുറവിളി. ബ്രിട്ടീഷുകാർ ഭാരതപ്പുഴയോരത്ത് സ്ഥാപിച്ച പറളി റെയിൽവേ സ്റ്റേഷൻ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സ്ഥലസൗകര്യം കണക്കിലെടുത്താണ് ഇപ്പോഴുള്ള ഭാഗത്ത് 1980ൽ സ്റ്റേഷൻ നിർമിച്ചത്.
അന്നുപുതിയ സ്റ്റേഷൻ പണിതപ്പോഴും കാലോചിതമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധിച്ചില്ലെന്നാണ് പരാതി. സ്റ്റേഷനിൽ തെക്കോട്ടുള്ള ഭാഗത്ത് ഓഫിസ് കെട്ടിടം നിലനിൽക്കുന്നിടത്ത് 12 കമ്പാർട്ടുമെന്റുകൾക്ക് പ്ലാറ്റ്ഫോം നിർമിച്ചപ്പോൾ വടക്കുഭാഗത്തെ പ്ലാറ്റ്ഫോമിൽ എട്ട് കമ്പാർട്ടുമെന്റിനുള്ള സൗകര്യം മാത്രമാണ് ഒരുക്കിയത്. പാസഞ്ചർ ട്രെയിനുകൾ സ്റ്റേഷനിൽ നിർത്തുമ്പോൾ പ്ലാറ്റ്ഫോമില്ലാത്തിടത്ത് കയറാനും ഇറങ്ങാനും യാത്രികർക്കു ബുദ്ധിമുട്ടാണ്.
മൂന്നടി പൊക്കമുള്ള കോച്ചിന്റെ ചവിട്ടുപടിയിൽ കയറാൻ പ്രായമായവർ പലപ്പോഴും ബുദ്ധിമുട്ടുന്നതും കാണാം. ഈ സ്റ്റേഷനിൽ പ്രതിദിനം 400 മുതൽ 500 വരെ യാത്രക്കാരുണ്ട്. സീസൺ ടിക്കറ്റ് വേറെയും. നിർത്തുന്ന ട്രെയിനുകളുടെ എണ്ണവും ഇപ്പോൾ കുറച്ചിട്ടുണ്ട്.
കൂടുതൽ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.