വേനൽമഴ ദുർലഭം; ചിറ്റൂർപ്പുഴ വരളുന്നു
1548500
Wednesday, May 7, 2025 1:19 AM IST
ചിറ്റൂർ: വേനൽ ശക്തമായതോടെ ചിറ്റൂർപുഴ ഒഴുക്കില്ലാതെ വരണ്ടുതുടങ്ങി. താലൂക്കിൽ ഇത്തവണ വേനൽമഴ ആവശ്യത്തിനു ലഭിച്ചിട്ടില്ല.
മുൻകാലങ്ങളിൽ പുഴയിൽ വേനൽസമയങ്ങളിൽ മൂന്നും നാലും സ്ഥലങ്ങളിൽ നല്ല ഒഴുക്കുണ്ടാവും. ഇത്തവണ അതും ഇല്ലാതായി.
മഴക്കാലം ആരംഭിക്കണമെങ്കിൽ ഇനിയും 25 ദിവസം കാത്തിരിക്കേണ്ടതുണ്ട്. ജൂൺ ആദ്യവാരത്തിൽതന്നെ മഴ ലഭിക്കുമെന്ന അറിയിപ്പുകളും ലഭിച്ചുതുടങ്ങിയിട്ടില്ല.
ഇക്കഴിഞ്ഞദിവസം കുന്നംകാട്ടുപതി തടയണയിൽ വെള്ളം കഴിഞ്ഞതോടെ പമ്പിംഗ് നിർത്തേണ്ടതായി വന്നു.
പിന്നീട് മൂലത്തറ റഗുലേറ്ററിൽനിന്നും വെള്ളമിറക്കിയാണ് ജലവിതരണം ആരംഭിച്ചത്. നിലവിൽ ആളിയാർഡാംവെള്ളം ലഭിക്കാതിരിക്കുകയും മഴ മടിച്ചുംനിന്നാൽ കനത്ത ജലക്ഷാമവും മേഖലയിലുണ്ടാകും.
പാറക്കളം, ആര്യമ്പള്ളം തടയണകളിൽ നിന്നുമാണ് ചിറ്റൂർ- തത്തമംഗലം നഗരസഭയും സമീപ പഞ്ചായത്തുകളും കുടിവെള്ള പന്പിംഗിനായി ആശ്രയിക്കുന്നത്.
ഇതും പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.